ആര്‍ത്തവ കാലത്തെ വിലക്ക് താനും അനുഭവിച്ചിരുന്നുവെന്ന് സോനം കപൂര്‍

By News deskFirst Published Dec 11, 2017, 7:00 PM IST
Highlights

ദില്ലി: ആര്‍ത്തവ കാലത്തെ മാറ്റി നിര്‍ത്തല്‍ താനും അനുഭവിച്ചിട്ടുണ്ടെന്ന തുറന്ന് പറച്ചിലുമായി ബോളിവുഡ് നടി സോനം കപൂര്‍. ആര്‍ത്തവ കാലങ്ങളില്‍ അമ്പലത്തില്‍ പോകുന്നതിനും അടുക്കളയില്‍ കയറുന്നതിനും അച്ചാറുഭരണിയ്ക്കടുത്തേക്ക് ചെല്ലുന്നതിന് പോലും തങ്ങളെ മുത്തശ്ശി വിലക്കിയിരുന്നുവെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 

ആര്‍ത്തവ ശുചിത്വത്തില്‍ തുടരുന്ന അജ്ഞതയെ കുറിച്ചും സ്വന്തം വീടിനുള്ളില്‍തന്നെ വിലക്കുകള്‍ നേരിടുന്നത് ഇന്നും തുടരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സോനം. 

സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തേ എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പാഡ് മാന്‍ എന്ന ചിത്രത്തിന്റെ പ്രമേയവും ഇതുതന്നെയാണ്. സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഒടുവില്‍ വിജയം നേടിയ അരുണാചലം മുരുഗാനന്തത്തിന്റെ ജീവിത കഥയാണ് പാഡ് മാന്‍റെ പ്രമേയം. 

ആര്‍ത്തവത്തെ കുറിച്ച് പൊതുവേദികളില്‍ ചര്‍ച്ചചെയ്യുന്ന നഗരങ്ങളിലെ സ്ത്രീകള്‍ക്ക് ഈ ചിത്രത്തിന്റെ പ്രമേയം സുപ്രധാനമായി തോന്നണമെന്നില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് അജ്ഞത തുടരുന്നു; സോനം പറഞ്ഞു. 

സിനിമയുടെ ചിത്രീകരണം നടന്ന മഹേശ്വരിലും പരിസരപ്രദേശങ്ങളിലും ഇന്നും ആര്‍ത്തവത്തെ കുറിച്ചും പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും നിലനില്‍ക്കുന്ന അജ്ഞത തന്നെ ഞെട്ടിച്ചു. നഗരങ്ങളില്‍ ജീവിച്ചിരുന്ന തങ്ങള്‍ക്ക് വിലക്കുകള്‍ നേരിട്ടിരുന്നുവെങ്കില്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത് എത്രമാത്രമായിരിക്കുമെന്ന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണെന്നും സോനം. 

സിനിമ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ സഹായിക്കും. ഒരു വലിയ വിഭാഗത്തിലേക്ക് ആ വിഷയം എത്തിക്കാനും സിനിമയ്ക്കാകും. പ്രത്യേകിച്ച് മുഖധാര അഭിനേതാക്കള്‍ സിനമയില്‍ അണിനിരന്നാല്‍ അത് എളുപ്പമാകുമെന്നും സോനം വ്യക്തമാക്കി. മുന്നാഭായ്, പികെ എന്നീ ചിത്രങ്ങള്‍ ഇതില്‍ വിജയിച്ചുവെന്നും സോനം പറഞ്ഞു. 

അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയാണ് പദ്മന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്വിങ്കിള്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ബല്‍കിയാണ്. അമിതാഭ ബച്ചന്‍ അതിഥി വേഷത്തിലെത്തുന്ന പാഡ് മാന്‍ ജനുവരി 26 ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!