
പകയുടെ മേമ്പൊടിയോടെ എത്തിയ ഒട്ടനവധി സിനിമകളുണ്ട് മലയാളത്തിൽ. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥമായ പകയുടേയും വിശ്വാസ വഞ്ചനയുടെയും കഥ പറഞ്ഞ ചിത്രമാണ് 'പൊങ്കാല'. ചുരുക്കി പറഞ്ഞാൽ പ്രതികാരത്തിൽ കൊത്തിയെടുത്ത വിചിത്ര കഥ. സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ശക്തമായ കഥപറയുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് പശ്ചാത്തല സംഗീതവും ആക്ഷൻ രംഗങ്ങളുമാണെന്ന് നിസംശയം പറയാനാകും.
കൊച്ചിയിലെ വൈപ്പിനിലാണ് കഥ നടക്കുന്നത്. 2000 ആണ് കാലഘട്ടം. അബി എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത കാലഘട്ടവും അവൻ അനുഭവിച്ച വേദനയുടെയും നെടുവീർപ്പിന്റെയും പ്രണയത്തിന്റെയും ചോരപുരണ്ട അധ്യായമാണിത്. സഖാവ് ചന്ദ്രന്റെ നരേഷനോടെ ആരംഭിക്കുന്ന ചിത്രം പ്രേക്ഷകനെ പിന്നീട് കൊണ്ടുപോകുന്നത് ഫ്ലാഷ് ബാക്കിലേക്കാണ്. തരകൻ സാബു ആണ് വൈപ്പിൻ ഹാർബറിലെ എല്ലാം. ഇയാൾ അനുജന്മാരായി കാണുന്നവരാണ് അബി അടക്കമുള്ളവർ. എന്തിനും ചങ്ക് പറിച്ചു കൊടുത്തിരുന്ന ഇവർ തമ്മിൽ പിന്നീട് രണ്ടുചേരിയായി മാറുന്നു. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒടുവിൽ ഒപ്പം നിന്നവർ തന്നെയാണ് തന്റെ ജീവിതത്തിൽ ഇരുട്ട് നൽകിയതെന്ന് അബി തിരിച്ചറിയുന്നു.
അബി എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി എത്തുമ്പോൾ, ബാബുരാജ് ആണ് തരകൻ സാബു ആയെത്തിയത്. ചിത്രത്തിൽ ചെറിയ വേഷം ചെയ്തവർ മുതൽ പ്രധാന റോളിൽ എത്തിയവർ വരെ തങ്ങളുടേ ഭാഗങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ബാല്യകാലത്ത് കയറിക്കൂടി ഓർമകളും വേദനകളും പേറി, മൗനം എന്ന സ്ഥായി ഭാവത്തോടെ, അല്ലെങ്കിൽ തന്റെ വികാരങ്ങൾ പുറത്ത് കാണിക്കാനാകാതെ അലയുന്നൊരു കഥാപാത്രമാണ് ശ്രീനാഥ് ഭാസിയുടേത്. ആ വേഷം തന്മയത്തത്തോടെ അവതരിപ്പിക്കാൻ നടന് സാധിച്ചിട്ടുമുണ്ട്.
തരകൻ സാബുവായി ബാബുരാജും കസറി. യാമി സോനാ, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ തുടങ്ങിയവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. പൊങ്കാലയെ മുന്നോട്ട് കൊണ്ടുപോയത് അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണെന്നതിൽ തർക്കമില്ല. ആകെ മൊത്തത്തിൽ ആരോ എഴുതിയ തിരക്കഥയിൽ താളം തെറ്റിയ ജീവിതങ്ങളുടെ നേർ സാക്ഷ്യമാണ് പൊങ്കാല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ