'സർക്കാർ പദ്ധതിയിൽ സിനിമാ നിർമ്മാണത്തിൽ പങ്കാളികളായി എന്ന 'അപരാധം' മാത്രമേ ചെയ്തിട്ടുള്ളൂ'; സാംസകാരിക വകുപ്പിന് അയച്ച നിവേദനത്തിനെതിരെ ശ്രുതി ശരണ്യം

Published : Sep 25, 2025, 05:53 PM IST
shruthi sharanyam

Synopsis

അടൂരിനെ പിന്തുണച്ച് കൊണ്ട് സിനിമ- സാംസ്കാരിക പ്രവർത്തകർ സാംസ്കാരിക വകുപ്പിന് അയച്ച നിവേദനത്തിനെതിരെയാണ് ശ്രുതി ശരണ്യം രംഗത്തെത്തിയിരിക്കുന്നത്

സാംസ്കാരിക വകുപ്പിനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനുമെതിരെ സംവിധായിക ശ്രുതി ശരണ്യം രംഗത്ത്. ചലച്ചിത്ര നയ രുപീകരണ സമയത്ത് അടൂർ ഗോപാലാകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചുവെന്നും, അടൂരിന്റെ പരാമർശം ഗൗരവതരമായി പരിശോധിക്കേണ്ടത്തിന് പകരം സങ്കുചിത- ജാതി വർഗ്ഗീയ വഴിയിലൂടെ അത് വഴിതിരിച്ചുവിട്ടുവെന്നും ചൂണ്ടിക്കാണിച്ച് മുപ്പതോളം സാംസ്കാരിക- സിനിമ പ്രവർത്തകർ സാംസ്കാരിക വകുപ്പിന് അയച്ച നിവേദനത്തെ വിമർശിച്ചുകൊണ്ടാണ് ശ്രുതി ശരണ്യം രംഗത്തെത്തിയിരിക്കുന്നത്. എഴുത്തുകാരായ പോള്‍ സക്കറിയ, പ്രൊഫ. എം എന്‍ കാരശ്ശേരി, സി വി ബാലകൃഷ്ണന്‍, കെ എന്‍ ഷാജി, സംവിധായകരായ ഡോണ്‍ പാലത്തറ, വേണു നായര്‍, മധു ഇറവങ്കര, ജോഷി ജോസഫ് തുടങ്ങി 30 പേരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

നിവേദനത്തിൽ പറഞ്ഞിട്ടുള്ള താൻ ഉൾപ്പെടെയുള്ള ഫിലംമേക്കേഴ്സ് ആകെ ഒരു തെറ്റുമാത്രമേ ചെയ്തിട്ടുള്ളുവെന്നും സർക്കാർ പദ്ധതിപ്രകാരമുള്ള സിനിമാ നിർമ്മാണത്തിൽ പങ്കാളികളായി എന്ന അപരാധമാണ് അതെന്നും ശ്രുതി ശരണ്യം പറയുന്നു. മേലിൽ തങ്ങൾക്കെതിരെ ഇത്തരം നിരുത്തരവാദപരമായ എന്തെങ്കിലുമൊരു പരാതിയോ എഴുത്തുകുത്തോ ആരെങ്കിലുമിറക്കിയാൽ താൻ അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുന്നതാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്രുതി പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

എൻ്റെ ഈ പോസ്റ്റ് വളരെ ഗൗരവതരമായിത്തന്നെ സാംസ്കാരികവകുപ്പ് കാണുമെന്ന പ്രതീക്ഷയോടെയാണ് ഈ നേരമില്ലാ നേരത്തും ഇതെഴുതുന്നത്. ചുവടെ നൽകിയിട്ടുള്ള സ്ക്രീൻ ഷോട്സ് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പു മന്ത്രിയ്ക്ക് ആരൊക്കെയോ ചിലർ ചേർന്ന് നൽകിയിട്ടുള്ള പരാതിയുടെ പകർപ്പാണ്. ഇതിൽ പറഞ്ഞിട്ടുള്ള ഞാൻ ഉൾപ്പെടെയുള്ള ഫിലംമേക്കേഴ്സ് ആകെ ഒരു തെറ്റുമാത്രമേ ചെയ്തിട്ടുള്ളു - സർക്കാർ പദ്ധതിപ്രകാരമുള്ള സിനിമാ നിർമ്മാണത്തിൽ പങ്കാളികളായി എന്ന അപരാധം. അതിന് ഞങ്ങൾ കൊടുക്കേണ്ടി വരുന്നത് ഞങ്ങളുടെ മന:സമാധാനത്തിൻ്റെയും, തൊഴിലിൻ്റെയും, മാനാഭിമാനങ്ങളുടെയും വിലയാണെന്നറിഞ്ഞിരുന്നെങ്കിൽ ഞങ്ങളിൽ പലരും ഒരുപക്ഷേ ഈ പണിക്കു തന്നെ പോവില്ലായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളെയും ഞങ്ങളുടെ ചിത്രങ്ങളെയും അപകീർത്തിപ്പെടുത്തുന്ന സ്വരത്തിലുള്ള ഈ പരാതിയിൽ പറയുന്ന ചില കാര്യങ്ങൾ ഇതെഴുതിയവരുടെയും സാംസ്കാരിക വകുപ്പിൻ്റെയും ശ്രദ്ധയിൽപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. ഇനിമേലിൽ ഞങ്ങൾക്കെതിരെ നിരുത്തരവാദപരമായി ആരെങ്കിലും ഇപ്രകാരത്തിൽ എന്തെങ്കിലുമൊക്കെ എഴുതിപ്പിടുപ്പിച്ചാൽ അവർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടോയെന്ന് ഞാനും അന്വേഷിച്ചെന്നിരിക്കും. അതുകൊണ്ട് മേലിൽ ഇത്തരം പാരതികളും പോസ്റ്റുകളും കൊണ്ട് ഇറങ്ങും മുൻപ് അടിസ്ഥാന റിസെർച്ച് എങ്കിലും നടത്തുക.

1) സർക്കാർ പദ്ധതിപ്രകാരം സിനിമ നിർമ്മിച്ച ഞാൻ ഒരു "ട്രെയ്ൻഡ് ആൻഡ് പ്രാക്ടിസിംഗ്" ഫിലിംമേക്കറാണ്. അല്ലാതെ നിങ്ങളാരോപിക്കുന്ന പോലെ പണിയറിയാതെ വലിഞ്ഞു കേറി വന്നതല്ല. ബിരുദാനന്തരബിരുദത്തിൽ സിനിമ ഐച്ഛികമായി പഠിച്ച് ഏകദേശം 18 ൽ കൂടുതൽ വർഷം സിനിമയിൽ പ്രവർത്തിച്ച പരിചയത്തിലാണ് ഞാൻ ആ പദ്ധതിക്ക് അപേക്ഷിക്കുന്നത്. പിന്നെ നിങ്ങളുടെ ഭാവുകത്വങ്ങൾക്കനുസരിച്ച് സിനമയെടുക്കാത്തവർക്കൊന്നും സിനിമയറിയില്ല എന്നു പറയാൻ ഈ ഒപ്പിട്ടവരിൽ ഫിലിംമേക്കേഴ്സ് എത്രപേരുണ്ട്?

2) ഞാൻ ഉൾപ്പെടെ പലരുടെയും സിനിമകൾ ഇൻ്റർനാഷ്ണൽ ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് കാരണം - എൻ്റെ സിനിമകൾ ആകെ പത്തിൽ താഴെ ഫെസ്റ്റിവലുകൾക്കാണ് അയച്ചിട്ടുള്ളത്. അതും സിനിമയുടെ കോപ്പി കൈപ്പറ്റി സ്വന്തം നിലയ്ക്ക് ഫെസ്റ്റിവലുകൾക്ക് അയക്കാനോ ഒരു ക്യുറേറ്ററെ സിനിമ കാണിക്കാനോ ഉള്ള അവകാശം പോലും ഞങ്ങളിൽ മിക്കവാറും ഫിലിംമേക്കേഴ്സിന് ഇല്ലായിരുന്നു. എൻ്റെ അറിവിൽ ആ ഭാഗ്യം ലഭിച്ചവർ രണ്ടു ഫിലിം മേക്കേഴ്സ് മാത്രമായിരുന്നു. അതുകൊണ്ട് ചില അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെങ്കിലും അവർക്ക് പങ്കെടുക്കാനായി. എൻ്റെ സിനിമയുടെ കോപ്പി ഇപ്പൊഴും എൻ്റെ കൈവശമില്ലെന്നതാണ് വാസ്തവം. മാത്രമല്ല, സിനിമയുടെ വിമിയോ ലിങ്ക് കെ.എസ്.എഫ്.ഡി സിയോട് പല തവണ ആവശ്യപ്പെട്ടിട്ടും ചില ഫെസ്റ്റിവലുകൾക്ക് അയച്ചു കൊടുക്കാതിരുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ട്. അങ്ങിനെയൊരവസരത്തിൽ ഒരു ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കുവാനുള്ള അവസരം നഷ്ടപ്പെടരുത് എന്നു കരുതി ഞാൻ സ്വന്തം നിലയ്ക്ക് വിമിയോ ലിങ്ക് ആ ഫെസ്റ്റിവൽ ടീമിന് അയച്ചു കൊടുത്തതിൻ്റെ പേരിൽ കെ.എസ്.എഫ്.ഡി.സി. കോപിറൈറ്റ് നിയമപ്രകാരം എനിയ്ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞ് എന്നെ നിശബ്ദയാക്കിയിട്ടുമുണ്ട്. ഈ കോപ്പിറൈറ്റിൽ സിനിമയുടെ റൈറ്ററായ എനിയ്ക്കും IPRS നിയമപ്രകാരം അവകാശമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നതുതന്നെ ഈ അടുത്ത കാലത്തായിരുന്നു. എൻ്റെ നിശബ്ദതയെ പലരും വ്യാഖ്യാനിച്ചത് ഞാൻ കെ.എസ്.എഫ്.ഡി.സിയിൽ നിന്നും ഔദാര്യങ്ങൾ കൈപറ്റിയിട്ടാണ് മിണ്ടാതിരിക്കുന്നത് എന്നായിരുന്നു. ഒരുപാട് കാലമാണ് മിണ്ടാതെ എല്ലാ അപമാനവും വേദനയും കടിച്ചുപിടിച്ച് ഒതുങ്ങിക്കൂടിയത്.

3) നാട്ടിൽ സർക്കാർ പദ്ധതികൾ എത്രയോ വരുന്നു പോവുന്നു പരാജയപ്പെടുന്നു. വേറെ ഒന്നിനെക്കുറിച്ചും പൊട്ടാത്ത നാട്ടുകാരുടെ കുരു മുഴുവൻ ഈ പദ്ധതിയെക്കുറിച്ചു മാത്രം പൊട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇനി പഞ്ചപുച്ഛമടക്കി മിണ്ടാതെ കേട്ടുനിൽക്കില്ലെന്ന് ഇതിനാലെ അറിയിക്കുന്നു. മേലിൽ ഞങ്ങൾക്കെതിരെ ഇത്തരം നിരുത്തരവാദപരമായ എന്തെങ്കിലുമൊരു പരാതിയൊ എഴുത്തുകുത്തോ ആരെങ്കിലുമിറക്കിയാൽ ഞാൻ അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുന്നതാണ്. ഞങ്ങളെ വെറുതെ വിടുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി