'സ്റ്റാറിങ് പൗര്‍ണ്ണമി' ആ അത്ഭുത ചിത്രം മുടങ്ങിയത് എന്തുകൊണ്ട്..!

By Web DeskFirst Published Mar 28, 2017, 10:44 AM IST
Highlights

സണ്ണി വെയ്ന്‍ നായകനായ ഷൂട്ടിംഗ് തുടങ്ങുകയും പിന്നീട് മുടങ്ങുകയും ചെയ്ത ചിത്രമാണ് 'സ്റ്റാറിങ് പൗര്‍ണ്ണമി'. അടുത്തിടെ ഈ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. ചിത്രത്തിലെ രംഗങ്ങള്‍ വീണ്ടും യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത്. ബോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന നിലവാരത്തില്‍ ഷൂട്ട് ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ മലയാളസിനിമയിലെ അത്ഭുതം ആയേനെ ചിത്രം എന്നാണ് സോഷ്യല്‍ മീഡിയയിലെ സിനിമ പ്രേമികളുടെ അഭിപ്രായം.

തുടര്‍ന്നാണ് എങ്കിലും എന്തുകൊണ്ട് ചിത്രം മുടങ്ങി എന്ന ചോദ്യം പ്രസക്തമായത്, ഇത് സംബന്ധിച്ച് സോഷ്യല്‍മീഡിയിലെ ഒരു ചര്‍ച്ചയില്‍ ചിത്രത്തിന്‍റെ സംഗീതം നിര്‍മ്മിച്ച കൈലാസ് മേനോന്‍ തന്നെ ഉത്തരം നല്‍കുന്നു.

2013ലാണ് സണ്ണി വെയ്‌നെ നായകനും ടൊവിനോ തോമസ് പ്രതിനായകനുമായി എത്തുന്ന ചിത്രം ആരംഭിച്ചത്. ഗജനി, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിലുപയോഗിച്ച ബുള്ളറ്റ് ടൈം ടെക്‌നോളജി ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ച ചിത്രമായിരുന്നിത്. ആല്‍ബി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സിനു സിദ്ധര്‍ത്ഥ് ആയിരുന്നു. മണാലിയിലും ലഡാക്കിലും സാഹസികമായി ചിത്രീകരിച്ച സിനിമ അപ്രതീക്ഷിതമായി നിര്‍ത്തേണ്ടി വരികയായിരുന്നു. 

മാരിക്കാര്‍ ഫിലിംസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. സ്റ്റാറിങ് പൗര്‍ണ്ണമി ചെയ്യുന്നതിനിടെയായിരുന്നു അവര്‍ താങ്ക്യൂ എന്ന സിനിമയും നിര്‍മ്മിച്ചത്. അത് പരാജയപ്പെട്ടു. ഇതിനിടെ പൗര്‍ണ്ണമിയുടെ ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയാക്കിയിരുന്നു. ലഡാക്കിലെ കൊടും തണുപ്പിലായിരുന്നു രണ്ടാം ഷെഡ്യുള്‍. 13 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ വളരെ സാഹസികമായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചിത്രത്തിന്റെ 70% പൂര്‍ത്തിയായി. ബാക്കി ഷൂട്ട് 20 ദിവസം ആലപ്പുഴയില്‍ തീര്‍ക്കാന്‍ ഇരിക്കുന്നതിനിടെയാണ് മാരിക്കാറിന്റെ 'കൂതറ' സിനിമ റിലീസ് ആയത്. 

പക്ഷേ കൂതറ തീയറ്ററില്‍ പരാജയമായി. അതോടെ സ്റ്റാറിങ് പൗര്‍ണ്ണമിക്കുള്ള ഫണ്ട് റെഡിയായില്ല. അങ്ങനെ ആ ചിത്രം മുടങ്ങുകയായിരുന്നു. ഡയറക്ടറും സണ്ണിയും ടൊവിനോയുമുള്‍പ്പെടെയുള്ളവര്‍ പല തവണ ചിത്രം തുടരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ ഏറെ ആശിച്ചു തുടങ്ങിയ ചിത്രത്തോട് എല്ലാവരും അകലുകയായിരുന്നു. ഇപ്പോള്‍ ആ സിനമ തുടങ്ങിയാലും ഹൈവേ, നീലാകാശം പച്ചകടല്‍ ചുവന്നഭൂമി, റാണി പദ്മിനി, റിലീസിനൊരുങ്ങുന്ന കാട്രു വെളിയിടെ തുടങ്ങിയ ചിത്രങ്ങളില്‍ സമാനമായ രംഗങ്ങളും ടെക്‌നിക്കും ഉണ്ട്, ഇതിനാല്‍ പിന്നീട് ചിത്രം തുടരാന്‍ സാധ്യതയില്ലാതായെന്ന് സംഗീത സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 

click me!