
മുംബൈ: സൗന്ദര്യവർധക ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ സിനിമാതാരങ്ങളെ പ്രത്യക്ഷപ്പെടുത്തി ജനപ്രീതി നേടുന്നതിനെതിരേ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്. സൗന്ദര്യവർധക ഉത്പന്നത്തിന്റെ പരസ്യത്തിന് ഒരു കമ്പനി വാഗ്ദാനം ചെയ്ത 15 കോടി രൂപ നിരാകരിച്ചുകൊണ്ടാണ് സുശാന്ത് വിവാദത്തിനു തിരികൊളുത്തിയത്.
എം.എസ്. ധോണി ദി അൺ ടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ധോണിയുടെ വേഷം ചെയ്ത് താരപരിവേഷം കിട്ടിയ ആളാണ് സുശാന്ത്. ഇത്തരം ഉത്പന്നങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത മൂന്നു വർഷത്തേക്കായി ആറു പരസ്യങ്ങളിൽ അഭിനയിക്കുന്നതിനായിരുന്നു 15 കോടി രൂപ വാഗ്ദാനം ചെയ്തത്.
ഉത്തരവാദിത്തമുള്ള ഒരു നടനെന്ന നിലയിൽ ഇത്തരത്തിൽ തെറ്റായ സന്ദേശങ്ങൾ നല്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നത് തന്റെ കടമയല്ല. ചർമത്തിന്റെ നിറത്തിൽ ജനങ്ങളിൽ തെറ്റായ സന്ദേശങ്ങൾ എത്തിക്കാനേ ഇത്തരത്തിലുള്ള പരസ്യങ്ങൾ ഉപകരിക്കൂ എന്ന് സുശാന്ത് പറയുന്നു.
കഴിഞ്ഞ വർഷം അഭയ് ഡിയോൾ തുടങ്ങിവച്ച ആന്റി-ഫെയർനെസ് പ്രൊഡക്ട്സ് ക്യാംപെയ്നി വലിയ കോലാഹലമുണ്ടാക്കിയിരുന്നു. അന്ന് ബോളിവുഡ് താരങ്ങൾ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെയായിരുന്നു ഡിയോൾ എതിർത്തത്. ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ച ഷാഹിദ് കപൂർ, ജോൺ ഏബ്രഹാം, ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, സോനം കപൂർ എന്നിവരുടെ ചിത്രങ്ങളും അന്ന് അഭയ് ഡിയോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പ്രിയങ്ക ചോപ്രയും നസറുദീൻ സിദ്ധിക്കിയും ആന്റി-ഫെയർനെസ് പ്രൊഡക്ട്സ് ക്യാംപെയ്നില് ചേർന്നിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ