തമിഴ് നടന്‍ മന്‍സൂര്‍ അലിഖാൻ അറസ്റ്റിൽ

By Web DeskFirst Published Jun 18, 2018, 8:31 AM IST
Highlights
  • അറസ്റ്റ് നടത്തിയത് സേലത്ത് നിന്നുള്ള പ്രത്യേക സംഘം

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് മൻസൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സേലത്ത് നിന്നുള്ള പ്രത്യേക സംഘം ഇന്നലെ രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. 'സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാല്‍ നാട്ടുകാര്‍ക്ക് ഇവിടെ ജീവിക്കാനാവില്ല. ദേശീയപാതയ്ക്കുവേണ്ടി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടിവരും. നാട്ടുകാരുടെ ഉപജീവനമാര്‍ഗത്തെ ഇതു ബാധിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയില്‍നിന്നു പിന്‍മാറണം. ഹൈവേയ്ക്കെതിരേയുള്ള സമരത്തില്‍ താന്‍ നിശ്ചയമായും പങ്കെടുക്കും.'-മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.

കാവേരി പ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ക്കു പിന്തുണ നല്‍കിയതിനും കഴിഞ്ഞ ഏപ്രിലില്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംശയലേശമന്യെ ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ജയിലെന്ന് മന്‍സൂറിന്‍റെ അറസ്റ്റിനെക്കുറിച്ച് മന്ത്രി ഡി.വിജയകുമാര്‍ പ്രതികരിച്ചു.


 

click me!