ഇതാ, തുര്‍ക്കിയില്‍ നിന്നൊരു ആര്‍ട്ട്‌ഹൗസ്‌ 'പറവ'!

By Nirmal SudhakaranFirst Published Nov 24, 2018, 2:29 AM IST
Highlights

ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ദി പീജിയണ്‍ എന്ന സിനിമയുടെ റിവ്യു. നിര്‍മ്മല്‍ സുധാകരൻ എഴുതുന്നു.

ഗോവ ചലച്ചിത്രമേളയില്‍ കഴിഞ്ഞ ദിവസം ഐനോക്‌സ്‌ സ്‌ക്രീന്‍ ഒന്നിലെ രാത്രി 10.30നുള്ള അവസാന ചിത്രം കണ്ട മലയാളികള്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഒരു മലയാള ചിത്രത്തെക്കുറിച്ച്‌ തീര്‍ച്ചയായും ഓര്‍ത്തിരിക്കും. ടര്‍ക്കിഷ്‌ സംവിധായിക ബാനു സിവാകിയുടെ 'ദി പീജിയണ്‍' ആയിരുന്നു ചിത്രം. അത്‌ കണ്ടിരിക്കെ മലയാളികളുടെ മനസിലേക്ക്‌ എത്തിയിരിക്കാവുന്ന ചിത്രം സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'പറവ'യും!

തുര്‍ക്കിയിലെ ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ അഡാനയിലെ ചേരിയിലാണ്‌ യൂസഫിന്റെ വീട്‌. വീടിന്‌ മുകളില്‍ വളര്‍ത്തുന്ന പ്രാവുകളാണ്‌ അവന്റെ ലോകം. മനുഷ്യരുടെ ലോകവുമായി സ്വരച്ചേര്‍ച്ച കണ്ടെത്താനാവാത്ത അവന്റെ വിനിമയങ്ങളൊക്കെ പ്രാവുകളോടാണ്‌. എന്നാല്‍ 'പറവ'യിലെ 'ഹസീബി'നെയും 'ഇച്ചാപ്പി'യെയും പോലെ വളര്‍ത്തുന്ന എല്ലാ പ്രാവുകളെയും എക്കാലവും സ്വന്തമാക്കി വെക്കണമെന്ന ആഗ്രഹമൊന്നും അവനില്ല. പണത്തിന്‌ ആവശ്യമുള്ളപ്പോള്‍ വളര്‍ത്തുന്നതില്‍ നിന്നൊന്നിനെ ചന്തയില്‍ എത്തിക്കാറുണ്ട്‌ അവന്‍, ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ മാറ്റിനിര്‍ത്തിയിട്ട്‌.

പോപ്പുലര്‍ സിനിമാ ഫോര്‍മാറ്റിലേതുപോലെ 'എമണ്ടന്‍ കഥ'യൊന്നുമില്ല ചിത്രത്തിന്‌. എന്നാല്‍ ഒന്നുമില്ലെങ്കിലും എന്തെങ്കിലുമൊക്കെയുണ്ടെന്ന്‌ വിശ്വസിപ്പിക്കുന്ന ആര്‍ട്ട്‌ഹൗസ്‌ എക്‌സ്‌പെരിമെന്റല്‍ തട്ടിപ്പുമില്ല. ഒരു ചെറുകഥയില്‍ ഒതുക്കാവുന്ന, എന്നാല്‍ ഇത്രത്തോളം ഗംഭീരമായി ഒരുപക്ഷേ വാക്കുകളില്‍ ആക്കാനാവാത്ത ഉള്ളടക്കത്തെ മികച്ച സിനിമാറ്റിക്‌ എക്‌സ്‌പ്രഷനാക്കി മാറ്റിയിട്ടുണ്ട്‌ സംവിധായിക. സ്വതവേ സംഘര്‍ഷാത്മകമായ യൂസഫിന്റെ ദിനങ്ങള്‍, ഇഷ്‍ടമില്ലാത്ത ഒരു തൊഴില്‍ ചെയ്യേണ്ടിവരുന്നതോടെ കൂടുതല്‍ സമ്മര്‍ദ്ദങ്ങളില്‍ പെടുകയാണ്‌. ആ ദിനങ്ങളെ മിനിമലായി, എന്നാല്‍ എല്ലാ വൈകാരികതകളോടെയും പിന്തുടരുകയാണ്‌ സംവിധായിക. ടര്‍ക്കിഷ്‌ കണ്ടംപററി മാസ്റ്റേഴ്‌സ്‌ ആയ നൂറി ബില്‍ഗെ സിലാന്റെയും സെമി കപ്ലാനെഗ്ലുവിന്റെയുമൊക്കെ നായകന്മാരുടെ വിഷാദച്ഛായ യൂസഫിലുമുണ്ട്‌.

ഫ്രെയ്‌മുകളിലുള്ള 'ക്രമം' കണ്ടപ്പോഴേ സംവിധായിക ഒരു പെയിന്റര്‍ ആയിരിക്കാമെന്ന്‌ സംശയിച്ചിരുന്നു. സംശയം ശരിയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ്‌ അഡാനയില്‍ നിന്ന്‌ പെയിന്റിംഗ്‌ മെയിന്‍ ആയാണ്‌ അവര്‍ ഫൈന്‍ ആര്‍ട്‌സ്‌ പഠിച്ചത്‌. സൗബിന്‍ ഷാഹിറിന്റേതുപോലെ ബാനു സിവാകിയുടെയും ആദ്യ ചിത്രമാണ്‌ 'ദ പീജിയണ്‍' എന്നതാണ്‌ കൗതുകമുണര്‍ത്തിയ മറ്റൊരു കാര്യം. മികച്ച നവാഗത സംവിധാനത്തിനുള്ള മത്സരവിഭാഗം ചിത്രമാണ്‌ ഗോവ മേളയില്‍ ഈ സിനിമ.

click me!