നിഖില വിമല്‍ നായികയായി എത്തിയ പെണ്ണ് കേസ് സിനിമയുടെ റിവ്യു. ഫെബിൻ സിദ്ധാർത്ഥ് ആണ് സംവിധാനം.

രു പക്കാ ഡീസന്റ് കോമഡി- ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ. നിഖില വിമൽ നായികയായി എത്തിയ 'പെണ്ണ് കേസ്' എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു തണുത്ത കാറ്റുപോലെ വന്ന് പിന്നെ അങ്ങ് ആഞ്ഞടിച്ചൊരു ചിത്രമാണിത്. ട്രെയിലർ വന്നപ്പോൾ മുതൽ ഇതൊരു വിവാഹ തട്ടിപ്പ് കേസ് ആണെന്ന് വ്യക്തമായിരുന്നു. അത് തന്നെയാണ് സിനിമയും. എന്നാൽ അതവതരിപ്പിച്ചിരിക്കുന്ന രീതി ഏറെ വ്യത്യസ്തമാണ്. അതേറ്റവും മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാൻ സംവിധായകനായ ഫെബിൻ സിദ്ധാർത്ഥിന് സാധിച്ചിട്ടുമുണ്ട്. 'പെണ്ണ് കേസ്' എന്നത് കേവലമൊരു കെട്ടുകഥയല്ല, പലപ്പോഴും വാർത്തകളിൽ നമ്മൾ കണ്ടുമറന്ന വിവാഹതട്ടിപ്പുകളുടെ ആകെത്തുകയാണത്.

ഒരു വിവാഹം മുടക്കാനായി ഒരു സംഘം ഇറങ്ങിത്തിരിക്കുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്. കല്യാണ തത്രപ്പാടുകളായിരുന്നു ആ​ദ്യമെങ്കിൽ പിന്നീട് കല്യാണം മുടക്കികളുടെ ആഘോഷമായി. കലാപമായ വിവാഹ വേദിയിൽ നിന്നും നേരെ പോകുന്നത് കുടിയാന്മല പൊലീസ് സ്റ്റേഷനിലേക്കാണ്. ആദ്യമെ തന്നെ നിഖില വിമലിന്റെ ക്യാരക്ടർ റിവീൽ ആകുന്നുണ്ട്. പേടിച്ചരണ്ടിരിക്കുന്ന, ആരെയോ ഭയക്കുന്ന ഒരു മുഖമായിരുന്നു നിഖിലയുടേത്. ശേഷം തട്ടിപ്പുകളുടെ കഥയുമായി മുന്നോട്ട് പോകുന്ന ചിത്രത്തിൽ പ്രേക്ഷകന് നിഖിലയുടെ വേഷത്തോട് ഒരു സഹതാപം തോന്നും.

ആദ്യപകുതിയിൽ എന്താണ് കഥയെന്നാണ് പറഞ്ഞതെങ്കിൽ രണ്ടാം പകുതി സസ്പെൻസുകളുടെ കൂടാരമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ മുൻവിധികളെ കാറ്റിൽ പറത്തിയുള്ള ക്ലൈമാക്സ് ആയിരുന്നു പ്രധാന ഹൈലൈറ്റ്. അതിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ധാരാളം എലമെന്റുകളും. അതേറ്റവും ഭം​ഗിയായി തന്നെ സ്ക്രീനിൽ അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തും(രശ്മി രാധാകൃഷ്ണൻ) സംവിധായകനും നൂറ് ശതമാനം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ ഒരു സീനിൽ വന്ന് പോയ അഭിനേതാക്കളടക്കം മികച്ച പ്രകടം കാഴ്ചവച്ചുവെങ്കിലും പെണ്ണ് കേസിനെ താങ്ങി നിർത്തിയത് നിഖിലയാണ്. അടിമുടി നിഖില വിമൽ ഷോ. ഒന്ന് പാളിയാൽ ഓവർ ആകാവുന്ന തരത്തിലുള്ള വിവാഹ തട്ടിപ്പുക്കാരിയായി നിഖില ഞെട്ടിച്ചപ്പോൽ, സിനിമയുടെ രസം ഒട്ടും ചോർന്ന് പോകാത്ത തരത്തിൽ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചു. സുഭാഷ് എന്ന കഥാപാത്രമായി അജുവും എസ്എച്ച്ഒ മനോജായി ഹക്കീം ഷായും വിജയ കുമാറായി രമേഷ് പിഷാരടിയും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്.

Pennu Case - Official Trailer | Nikhila Vimal | Hakkim Shah | Aju Varghese | Ramesh Pisharody

ഇർഷാദ് അലി, അഖിൽ കവലയൂർ,കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ,ജയകൃഷ്ണൻ,പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, ആമി, സന്ധ്യാ മനോജ് തുടങ്ങിയവരും തങ്ങളുടെ ഭാ​ഗങ്ങൾ ​ഗംഭീരമാക്കിയിട്ടുണ്ട്. ഷിനോസിന്റെ മനോഹരമായ ദൃശ്യങ്ങളും അങ്കിത് മേനോന്റെ പശ്ചാത്തല സംഗീതവുമെല്ലാം സിനിമയുടെ മാറ്റ് കൂട്ടി. ആകെ മൊത്തത്തിൽ ഒരുപാട് നല്ല ഹ്യൂമറുകളും അതിനുതകുന്ന പെർഫോമൻസുകളും സംവിധാനവുമൊക്കെയായി പെണ്ണ് കേസ് മികച്ചൊരു സിനിമാനുഭവം സമ്മാനിച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming