മികച്ച പ്രകടനങ്ങൾകൊണ്ടും സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമാണ് പ്രഭാസിന്റെ നായകനാക്കി മാരുതി സംവിധാനം ചെയ്ത 'ദ രാജ സാബ്'. ചിത്രത്തിന്റെ റിവ്യു വായിക്കാം

പ്രഭാസിന്റെ നായകനാക്കി മാരുതി സംവിധാനം ചെയ്ത 'ദ രാജ സാബ്' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഹൊറർ- കോമഡി- ഫാന്റസി ജോണറിലൊരുങ്ങിയ ചിത്രം കൈകാര്യം ചെയ്ത പ്രമേയം കൊണ്ടും, അവതരണ രീതികൊണ്ട് കയ്യടി അർഹിക്കുന്നു. കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനമാണ് രാജ സാബിന്റെ ഏറ്റവും വലിയ മേന്മ. മൂന്ന് മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും പ്രേക്ഷകനെ ഒരു തരത്തിലും മുഷിപ്പിക്കാത്ത രീതിയിലാണ് മാരുതി ചിത്രം ഒരുക്കിയിരിക്കുന്നത്. എന്താണ് സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നത് എന്ന് വെളിവാക്കുന്ന തരത്തിലുള്ളതായിരുന്നു സിനിമയുടെ തുടക്കം. അതേ ട്രാക്കിൽ തന്നെയായിരുന്നു പിന്നീട് അങ്ങോട്ടുള്ള സിനിമയുടെ യാത്രയും.

ഫാന്റസി എലമെന്റുകളും, കോമഡിയും കൃത്യമായ അളവിൽ ഓരോ ഭാഗത്തും സംവിധായകൻ ഉൾച്ചേർത്തത് തന്നെ പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കാനുള്ള പ്രധാന ഘടകമായി മാറി. മുത്തശ്ശിയുടെ അഭ്യർത്ഥനയനുസരിച്ച് കാണാതായ തന്റെ മുത്തച്ഛനെ തേടിയിറങ്ങുന്ന രാജു (പ്രഭാസ്) നേരിടുന്ന പ്രതിസന്ധികളും അതിനെ എങ്ങനെയാണ് അയാൾ തരണം ചെയ്യുന്നത് എന്നതുമാണ് സിനിമയുടെ പ്രധാന പ്രമേയം.

കുടുംബ ബന്ധങ്ങളിൽ ആഴ്ന്നിറങ്ങിയ വൈകാരിക രംഗങ്ങളും, ക്ലൈമാക്സിലെ പ്രഭാസിന്റെ പ്രകടനവും സിനിമയുടെ ഏറ്റവും വലിയ മേന്മയാണ്. ആദ്യപകുതി വരെ കോമഡി രംഗങ്ങളാൽ സമ്പന്നമായ ചിത്രം രണ്ടാം പകുതിയിലാണ് ആഖ്യാനപരമായുള്ള അതിന്റെ പ്രധാന ഘട്ടങ്ങളിലേക്ക് കടക്കുന്നത്. മുത്തശ്ശിയും രാജുവും തമ്മിലുള്ള ബന്ധം പോലെ തന്നെ ഏറ്റവും എടുത്ത് പറയേണ്ടതാണ് മൂന്ന് നായികമാരുമായുള്ള പ്രഭാസിന്റെ ഓൺ സ്‌ക്രീൻ കെമിസ്ട്രി. ഭൂതകാലത്തിലെ രഹസ്യങ്ങൾ വെളിപ്പെടുന്നത് ചിത്രത്തിലെ മറ്റൊരു പ്രധാന ഭാഗമാണ്. വളരെ ഗംഭീരമാണ് ചിത്രത്തിൽ സംവിധായകൻ അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങൾക്കൊപ്പം തന്നെ പ്രേക്ഷകനും അപ്പോഴുണ്ടാവുന്ന തിരിച്ചറിവ് ആണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

കേവലം വിജയിക്കുന്ന നായകൻ എന്ന തരത്തിലുള്ളതല്ല സിനിമയുടെ നറേറ്റിവ്. രാജസാബിലെ നായകൻ പലപ്പോഴും ദുർബലനാണ്. എങ്ങനെയാണ് പ്രതിസന്ധികളെ നേരിടേണ്ടത് എന്നുള്ളത് അയാൾക്ക് പലപ്പോഴും അറിയുന്നില്ല. മാത്രമല്ല സിനിമയിലെ പ്രതിനായകൻ കഥാപാത്രമായെത്തിയ കനകരാജു (സഞ്ജയ് ദത്ത്) ശക്തമായ കഥാപാത്രമായാണ് സിനിമയിൽ എത്തിയിരിക്കുന്നത്. സിനിമയുടെ അവസാനം വരെയും നായകനും കൂട്ടരും പ്രതിനായകന്റെ ദൗത്യത്തിന്റെയും ആജ്ഞകളുടെയും പിന്നാലെയാണ് മുന്നോട്ട് പോകുന്നത് എന്ന് കാണാൻ കഴിയും. അത് തന്നെയാണ് മറ്റ് ഫാന്റസി ചിത്രങ്ങളിൽ നിന്നും രാജ സാബിനെ വ്യത്യസ്തമാക്കുന്നത്.

കഥാപാത്രങ്ങളിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സൈക്യാട്രിസ്റ്റ് ആയി എത്തിയ ബൊമ്മൻ ഇറാനിയുടെ കഥാപാത്രമാണ് സിനിമയുടെ ആഖ്യാനത്തിന്റെ ഗതി മാറ്റുന്നത്. നായകൻറെ ചിന്തകളെയും, പ്രവൃത്തികളെയും ആഴത്തിൽ സ്വാധീനിക്കുന്നതിൽ ബൊമ്മൻ ഇറാനി വഹിച്ച പങ്ക് ചെറുതല്ല. രാജാസാബിന്റെ ഏറ്റവും പ്രധാന ഘടകമായി പറയാവുന്ന കാര്യം വിഎഫ്എക്സ് തന്നെയാണ്. വളരെ മികച്ച ടെക്നിക്കൽ ക്വളിറ്റിയോടെയാണ് ചിത്രത്തിൽ വിഎഫ്എക്സ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഫാന്റസി എലമെന്റുകളോട് ചേർന്ന് നിൽക്കുന്ന ഒരു ലോകം വിഎഫ്എക്‌സിലൂടെ സംവിധായകൻ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. സംഗീതവും സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും ഏറെ മികച്ചുനിന്ന സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി തന്നെയാണ് രാജ സാബിന്റെ ഏറ്റവും വലിയ മേന്മ.

ഹൊറർ- ഫാന്റസി എന്ന ലേബലിൽ ഇറങ്ങുന്ന സിനിമകളിൽ മുൻപന്തിയിൽ തന്നെയാണ് രാജ സാബിന്റെ സ്ഥാനമെന്ന് തീർച്ചയായും ഉറപ്പിക്കാം. കാരണം സിനിമയുടെ ഓരോ ഡിപ്പാർട്ട്മെന്റും അത്രയധികം അധ്വാനം സിനിമയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. പ്രഭാസ് എന്ന നടൻ സിനിമയിലുടനീളം കാഴ്ചവച്ച പക്വതയാർന്ന പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഘടകം. അവസാനത്തോടടുക്കുമ്പോൾ സിനിമ ഒളിപ്പിച്ചുവയ്ക്കുന്ന ഒരു സർപ്രൈസും പ്രേക്ഷകനുണ്ട്.

YouTube video player