
അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായിക്കാന്‍ ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ടാണ് ചാക്കോച്ചന്‍ വാസന്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 'തൊടുപുഴ വാസന്തി ചേച്ചി... അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു' കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഗുരുതര രോഗങ്ങളാല്‍ ചികിത്സയിലായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്ന വാസന്തിയെ പക്ഷെ സിനിമാലോകം തിരിഞ്ഞു നോക്കിയില്ല. രോഗത്തിന്റെ അവശതകള്‍ക്കും കഷ്ടപാടുകള്‍ക്കുമിടയില്‍ ആരാലും തിരിഞ്ഞു നോക്കാനില്ലാതെ കഴിഞ്ഞിരുന്ന വാസന്തിയുടെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെത്തുടര്‍ന്ന് സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവര്‍ യാത്രയായത്.ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് നേരത്തെ വലതുകാല്‍ മുറിച്ച കളഞ്ഞതിനു പുറമേ തൊണ്ടയില്‍ അര്‍ബ്ബുദമുള്‍പ്പെടെയുളള ഗുരുതര രോഗങ്ങളും പിടിപെട്ടിരുന്നു. നാല്‍പതു വര്‍ഷത്തിനിടെ നാനൂറ്റമ്പതോളം സിനിമകളില്‍ കഥാപാത്രങ്ങളായിട്ടുളള വാസന്തിയുടെ ഒടുവിലത്തെ മോഹവും രോഗം മൂലം 2010ല്‍ നിര്‍ത്തേണ്ടിവന്ന അഭിനയം തുടരണമെന്നതായിരുന്നു.
ഇടുക്കി ജില്ലയില്‍ മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. സിനിമയ്ക്ക് പുറമെ 16ലധികം ടെലിവിഷന്‍ പരമ്പരകളിലും 120ഓളം നാടകങ്ങളിലും വാസന്തി വേഷമിട്ടു. നാടകനടനായ രാമകൃഷ്ണന്‍ നായരാണ് അച്ഛന്‍. അദ്ദേഹത്തിന്റെ ബാലെ ട്രൂപ്പിലായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. നടി ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്ത കൊടുത്തിരുന്നു. പക്ഷെ ആരോടും പരിഭവിക്കാഞ്ഞ വാസന്ത ക്രച്ചസിലാണെങ്കിലും ഇനിയും അഭിനയിക്കാന്‍ കഴിയണേ എന്ന ആഗഹം ബാക്കി വച്ചാണ് വിടപറഞ്ഞത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ