Latest Videos

ദിലീപിന്റെ വിധി നാളെ അറിയാം; ജാമ്യം കിട്ടിയാല്‍ ഗംഭീര സ്വീകരണമൊരുക്കാന്‍ ഫാന്‍സ് അസോസിയേഷന്‍

By Web DeskFirst Published Aug 28, 2017, 6:23 PM IST
Highlights

നടന്‍ ദീലിപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. അറസ്റ്റിലായി 50 ദിവസം തികയുമ്പോഴാണ്  നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വീണ്ടും ഉത്തരവുണ്ടാകുന്നത്. ജാമ്യം കിട്ടിയാല്‍ റോ‍ഡ് ഷോ അടക്കമുളള വിപുലമായ പരിപാടികളാണ് ദിലീപിന്‍റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്

നാളെ രാവിലെ 10.15ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ജാമ്യം കിട്ടിയാല്‍ അറസ്റ്റിലായതിന്റെ അന്‍പതാം ദിവസം പുറത്തിറങ്ങാം. ജാമ്യാപേക്ഷ തള്ളിയാല്‍ റിമാന്‍ഡ് തടവുകാരനായി ആലുവ സബ് ജയിലില്‍ ഇനിയും ആഴ്ചകള്‍ താരത്തിന് തുടരേണ്ടിവരും. രണ്ടാഴ്ചക്കുള്ളില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുളള അതിവേഗ നീക്കങ്ങളാണ് അന്വേഷണസംഘം നടത്തുന്നത്. ജാമ്യം തള്ളുകയും കുറ്റപത്രം വേഗം സമര്‍പ്പിക്കുകയും ചെയ്താല്‍ ജയിലില്‍ കിടന്നുകൊണ്ട്  ദിലീപിന് വിചാരണ നേരിടേണ്ടിവരും.  ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ സുനില്‍കുമാറെന്ന പ്രധാന പ്രതിയുടെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 

ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സബ് ജയില്‍ മുതല്‍ ദീലിപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനാണ് ചില ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ തീരുമാനം. ദിലീപ് നായകനായ രാമലീലയുടെ റിലീസിന് മുമ്പ് പ്രമുഖ തിയേറ്ററുകളില്‍ താരത്തെ കൊണ്ടുപോയി നഷ്ടപ്പെട്ട സല്‍പ്പേര് തിരിച്ചുപിടിക്കാനും ആലോചിക്കുന്നുണ്ട്. ഇതൊക്കെ നടക്കുമോയെന്ന് നാളത്തെ ഹൈക്കോടതി ഉത്തരവിലൂടെ അറിയാം.

click me!