
ഭർത്താവിന്‍റെയും ഭർതൃസഹോദരങ്ങളുടെയും സിനിമകളുടെ പ്രദർശനത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം കൂടിയായ നടി വിദ്യാബാലൻ തീരുമാനിച്ചു. താൻ കൂടി ഇരുന്നുകൊണ്ടുള്ള തീരുമാനങ്ങൾ വിവാദമകാനുളള സാധ്യതകൾ മുന്നിൽകണ്ടാണ് താരം സ്വയം തീരുമാനമെടുത്തതെന്നാണ് സൂചന. ഭർത്താവ് സിദ്ധാർഥ് റായ് കപൂർ, സഹോദരങ്ങളായ ആദിത്യ, കുനാൽ റോയ് കപൂർ എന്നിവർ സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ്.
വിദ്യയോ അവരുടെ കുടുംബാംഗങ്ങളോ പങ്കാളികളായ സിനിമകളുടെ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാണ് തീരുമാനം. മനഃസാക്ഷിയെ മുൻനിർത്തി വിദ്യയെടുത്ത തീരുമാനത്തെ ബോർഡ് അംഗങ്ങൾ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ വിദ്യ തയാറായിട്ടില്ല. അതേസമയം അവരുടെ വക്താവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് താരം മുംബൈ ഫിലിം ഫെസ്റ്റിവലിന് എത്തുകയും ഫിലിം സർട്ടിഫിക്കേഷൻ ബോർഡിലെ ചുമതലകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തിരുന്നു.
പുതിയ ചുമതല ആസ്വദിക്കുന്നതായും ഒട്ടേറെ സിനിമ കാണാൻ കഴിയുന്നതായും വിദ്യ പറഞ്ഞിരുന്നു. മുമ്പ് തിരക്ക് കാരണം ഇതിന് സാധിക്കാറില്ലായിരുന്നു. ഇൗ വർഷം പുറത്തിറങ്ങിയ ബീഗം ജാൻ ആണ് വിദ്യയുടെ അവസാന റിലീസ്. സിനിമ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും വിദ്യയുടെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. അടുത്ത സിനിമയായ ‘തുമാരി സുലു’വിന്റെ ട്രെയിലർ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു. രാത്രി റോഡിയോ പരിപാടി അവതരിപ്പിക്കുന്ന ആർ ജെയുടെ വേഷമാണ് ചിത്രത്തിൽ വിദ്യക്ക്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ