ഈ ആഴ്ച മലയാളത്തിൽ ഏഴ് പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു, അതിൽ ആറെണ്ണവും ത്രില്ലർ വിഭാഗത്തിൽപ്പെട്ടവയാണ്.

മലയാള സിനിമയില്‍ നിന്ന് ഈ വാരം ഏഴ് പുതിയ റിലീസുകള്‍. അതില്‍ ആറ് സിനിമകളും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഷാന്‍ തന്‍ഹ സംവിധാനം ചെയ്ത വെറി, അസ്കര്‍ അലി, വിനീത് കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു സതീശന്‍ മംഗലത്ത് സംവിധാനം ചെയ്ത സംഭവം അധ്യായം ഒന്ന്, കലേഷ് രാമാനന്ദ്, ഹന്ന റെജി കോശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നീലേഷ് ഇ കെ സംവിധാനം ചെയ്ത ഫേസസ്, ഹേമന്ദ് മേനോന്‍, ഗീതിക തിവാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ ശങ്കര്‍ സംവിധാനം ചെയ്ത എറിക്, ജെ സി ജോര്‍ജ് സംവിധാനം ചെയ്ത പിന്‍വാതില്‍, പ്രശാന്ത് മുരളി പദ്മനാഭന്‍ സംവിധാനം ചെയ്ത ബട്ടര്‍ഫ്ലൈ ഗേള്‍ 85, ജോണ്‍ കൈപ്പള്ളിലിനെ നായകനാക്കി പ്രദീപ് ആര്‍സികെറെ സംവിധാനം ചെയ്ത ഷേഷ 2016 എന്നിവയാണ് ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന മലയാള സിനിമകള്‍.

ഇതില്‍ വെറി, സംഭവം അധ്യായം ഒന്ന്, ഫേസസ്, എറിക്, ബട്ടര്‍ഫ്ലൈ ഗേള്‍ 85, ഷേഷ 2016 എന്നിവ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രങ്ങളാണ്. പിന്‍വാതില്‍ എന്ന ചിത്രമാവട്ടെ റൊമാന്‍റിക് ഡ്രാമയും. ശങ്കര്‍ സംവിധാനം ചെയ്ത എറിക് മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസ് ആണ് നിര്‍മ്മിച്ചത്. ഈ ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് യുകെയിലാണ്. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഭവം അധ്യായം ഒന്ന് മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലര്‍ ശ്രദ്ധേയമായിരുന്നു. ട്രെയ്‍ലറില്‍ ഒരു വനമേഖലയില്‍ കേസ് അന്വേഷിക്കാനെത്തുന്ന ഒരു സംഘം പൊലീസുകാരാണ് ഉള്ളത്. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്.