'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' - ലളിതം സുന്ദരം...

Published : Jan 11, 2019, 11:06 PM ISTUpdated : Jan 13, 2019, 11:55 AM IST
'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' - ലളിതം സുന്ദരം...

Synopsis

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ജിസ് ജോയ് ചിത്രത്തിന് വിഷ്ണു വിദ്യാധരൻ എഴുതുന്ന റിവ്യൂ

'ജിസ് ജോയ് സിനിമകൾ' അങ്ങനെ ഒരു വിഭാഗം തന്നെ ഉണ്ടായിക്കൂടെന്നില്ല ഇനി മലയാളത്തിൽ. കാരണം മലയാളത്തിൽ ഫീൽ ഗുഡ് സിനിമകൾ അഥവാ വലിയ അവകാശവാദങ്ങൾ ഒന്നും ഇല്ലാതെ വന്നു ഒരു കൊച്ചു നല്ല പടം എന്ന് പേര് വാങ്ങി പോകുന്ന ചിത്രങ്ങൾ എടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു ഈ യുവസംവിധായകൻ. കൊച്ചു കൊച്ചു തമാശകള്‍ സൃഷ്ടിക്കാനും പാട്ട് എഴുതാനും  നല്ല രീതിയിൽ ഡബ് ചെയ്യാനും കഴിവുള്ള ഒരു ഓൾറൗണ്ടർ സംവിധായകൻ. ഇത്തവണയും ജിസ് ജോയ് തന്റെ സ്ഥിരം ശൈലിയിൽ ഒരു കൊച്ചു നല്ല പടം നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. അതേ, ഇതിന് മുമ്പ് ഇറങ്ങിയ ജിസ് ചിത്രങ്ങൾ ഇഷ്ടപ്പെട്ടവരെ വിജയ് സൂപ്പർ ഉം പൗര്‍ണ്ണമിയും  നിരാശപ്പെടുത്തില്ല. 

ഒരു ട്രൂ സ്റ്റോറി അടിസ്ഥാനമാക്കിയ കഥയാണെന്ന് പറയുന്നിടത്ത് ചിത്രം പലർക്കും ഒരു പ്രോത്സാഹനം കൂടിയാവും. പുതിയ പ്രതീക്ഷകളും കാഴ്ചപ്പാടുകളും  യുവ സമൂഹത്തിലേക്ക് എത്തിക്കാൻ സിനിമ എവിടെയൊക്കെയോ കൊച്ചു കൊച്ചു ശ്രമങ്ങൾ നടത്തുന്നുണ്ട്. 

കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും പ്രേക്ഷകരെ ബോർ അടിപ്പിക്കാതെ പറഞ്ഞു പോകുന്നിടത്ത് സിനിമ വിജയിക്കുന്നു. നായകനേക്കൾ പക്വത പുലർത്തുന്ന, നായകന്റെ സ്വഭാവത്തിൽ പലപ്പോഴും അസ്വസ്ഥയ്യാകുന്ന നായികാ കഥാപാത്രമായി ഐശ്വര്യ വീണ്ടും എത്തുമ്പോൾ, ദിശ അറിയാതെ പറക്കുന്ന ഒരു ശരാശരി  മലയാളി യുവാവായി ആസിഫ് അലിയും ആവർത്തിക്കപ്പെടുന്നു. പക്ഷേ രണ്ടും പേരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചത് ആക്കുമ്പോൾ ആവർത്തനവിരസത അനുഭപെടുന്നേയില്ല. 

ഒപ്പം സിദ്ധിഖ്, ദേവൻ, രഞ്ജി പണിക്കർ , ശാന്തികൃഷ്ണ എന്നിവരും  സിനിമയുടെ സുഗമമായ ഒഴുക്കിന് ഗതിവേഗം നൽകുന്നു. നായകന്‍റെ ആത്മമിത്രങ്ങളുടെ വേഷത്തിലെത്തുന്ന ബാലു വർഗ്ഗീസും പ്രശസ്ത ആർ ജെ  ജോസഫ് അന്നംകുട്ടി ജോസും നായികാനായകൻമാരുടെ നിഴലിൽ ഒതുങ്ങിപ്പോകുന്നു. മികച്ച ഛയാഗ്രഹണം ചിത്രത്തിന് മുതൽക്കൂട്ടാവുമ്പോൾ സംഗീതം ശരാശരിയിൽ ഒതുങ്ങി. എന്നാൽ പശ്ചാത്തല സംഗീതം ചിത്രത്തിനൊപ്പം ഇഴുകിച്ചേർന്ന് പോകുന്നുണ്ട്. ജിസ് ജോയ് യുടെ മുൻ ചിത്രങ്ങൾ എന്ന പോലെ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വിജയ് സൂപ്പറും പൗർണമിയും സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു