
തമിഴ് സിനിമ ലോകം ഈ വര്‍ഷം ഏറെ കാത്തിരുന്ന ചിത്രമാണ് വേലയില്ല പട്ടതാരി 2. 2014ല്‍ ഇറങ്ങിയ, ധനുഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു വിഐപി. അതിന്റെ രണ്ടാം ഭാഗമാണ് വിഐപി 2. ധനുഷ് കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സൗന്ദര്യ രജനീകാന്താണ്. കൊച്ചടിയാന്‍ പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ സൌന്ദര്യ ധനുഷിന്‍റെ ഭാര്യ സഹോദരിയാണ്. ഇതോടെ ചിത്രം ഒരു കുടുംബകാര്യമാണെന്ന് പറയാം. കാജോള്‍ ആണ് ചിത്രത്തിലെ പ്രധാന നെഗറ്റീവ് റോള്‍ ചെയ്യുന്നത്. സമുദ്രക്കനി, വിവേക് അടക്കമുള്ളവര്‍ ചിത്രത്തില്‍ എത്തുന്നു.
സാധാരണപോലെ കഥാപാത്രങ്ങളെ മറ്റൊരു പരിസരത്തില്‍ മാറ്റി പ്രതിഷ്ഠിക്കുന്ന രണ്ടാംഭാഗമല്ല വിഐപി 2. ഒന്നാം ഭാഗം എവിടെ അവസാനിച്ചോ അവിടെ നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. നായകന്‍ രഘുവരന്‍ മുതല്‍ വീട്ടില്‍ വളര്‍ത്തിയ പട്ടി ഹാരിപോര്‍ട്ടര്‍ വരെ രണ്ടാം ഭാഗത്തിലുമുണ്ട്. ഇതിന് പുറമേ വിഐപി എന്ന എഞ്ചിനീയറിംഗ് സംഘവും രഘുവരന് ഒപ്പമുണ്ട്. ഇന്ത്യയിലെ മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡിനെ രാഘുവരനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നയിടത്താണ് കഥ തുടങ്ങുന്നത്. വസുന്ധര എന്ന കാജോള്‍ അവതരിപ്പിക്കുന്ന കോടീശ്വരിയായ ബില്‍ഡര്‍ അവരുടെ കമ്പനിയിലേക്ക് രഘുവരനെ ക്ഷണിക്കുന്നു. എന്നാല്‍ ഈ ഓഫര്‍ രഘുവരന്‍ സ്വീകരിക്കുന്നില്ല, അവിടെ ആരംഭിക്കുന്ന ഇരുവരും തമ്മിലുള്ള സംഘര്‍ഷമാണ് കഥയുടെ കാതല്‍ എങ്കിലും, രക്ത ചൊരിച്ചില്‍ ഇല്ലാത്ത ചിത്രത്തിന്റെ ക്ലൈമാക്‌സ് മികച്ച സന്ദേശമാണ് നല്‍കുന്നത്.
കൃത്യമായ രീതിയില്‍, വിഐപി രണ്ടാം ഭാഗം എന്ന നിലയില്‍ സ്റ്റണ്ട് മുതല്‍ അടിച്ചുപൊളി പാട്ട് വരെ മികച്ച രീതിയിലാണ് ചിത്രത്തില്‍ സൗന്ദര്യ സംയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തിരക്കഥയിലും, ചിത്രത്തിന്റെ മാസ് അപ്പീലിലും ഒന്നാം ഭാഗത്തോളം എത്താന്‍ വിഐപി 2 പരാജയപ്പെടുന്നു എന്ന് പറയേണ്ടിവരും. ചിത്രം റിലീസിന് മുമ്പ് സൃഷ്ടിച്ച അമിത പ്രതീക്ഷ ചിത്രത്തിന് തിരിച്ചടിയായി എന്ന് പറയേണ്ടിവരും.
രണ്ടാം ഭാഗത്തില്‍ എത്തുന്നതോടെ കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും പ്രേക്ഷകന് കണ്‍വേ ആകുന്നില്ല. അമലപോളിന്, ഒന്നാം ഭാഗത്തിലെ രഘുവരന്റെ കാമുകി എന്ന റോളില്‍ നിന്നും ഭാര്യയായി പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതോടെ ഒന്നാം ഭാഗത്തില്‍ ഈ കഥാപാത്രം പുലര്‍ത്തിയിരുന്ന നിഷ്‌കളങ്കത പൂര്‍ണ്ണമായും നഷ്ടപ്പെട്ട് ഒരുതരം കൃത്രിമത്വത്തിലേക്ക്മാറുന്നു.
പടയപ്പയിലെ രമ്യാ കൃഷ്ണന്റെ കാദംബരിയുടെ ഛായയിലാണ് കജോളിന്റെ വസുന്ധര എന്ന റോള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്നാല്‍ അത്രത്തോളം വലിയ പ്രകടനം പുറത്തെടുക്കാന്‍ കാജോളിന് കഴിയുന്നില്ല എന്ന് പറയേണ്ടിവരും.
മലയാളിയായ സമീര്‍ താഹീറാണ് ചിത്രത്തിന്റെ ഛായഗ്രഹണം. ആ രീതിയില്‍ മികച്ച വര്‍ക്കാണെന്ന് പറയാം. സീന്‍ റോള്‍ഡന്റെ ഗാനങ്ങള്‍ അത്ര മികച്ച നിലവാരം പുലര്‍ത്തുന്നില്ലെങ്കിലും അനിരുദ്ധിന്റെ പാശ്ചാത്തല സംഗീതമാണ് ചില സമയങ്ങള്‍ ചിത്രത്തിന് ജീവന്‍ നല്‍കുന്നത് എന്ന് പറയാം. എന്തായാലും ധനുഷ് ആരാധകര്‍ക്ക് ഒരു വെടിക്കുള്ള മരുന്ന് സൌന്ദര്യയുടെ സംവിധാനത്തില്‍ ഒരുക്കിവച്ചിട്ടുണ്ടെന്ന് പറയാം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ