
ചെന്നൈ: തമിഴ് ചിത്രം വിസാരണൈ ഇത്തവണത്തെ ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ കേതന്‍ മേഹ്ത അദ്ധ്യക്ഷനായ ജൂറി ഏകകണ്ഠമായാണ് ചിത്രം തെരഞ്ഞെടുത്തത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച തമിഴ്‌സിനിമയ്‌ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഇന്ത്യന്‍ ജയില്‍ യാഥാര്‍ഥ്യങ്ങളുടെ ഇരുട്ട് നിറഞ്ഞതെന്നാണ് വിസാരണൈ എന്ന വെട്രിമാരന്‍ ചിത്രം വിശേഷിപ്പിയ്‌ക്കപ്പെട്ടത്. ആന്ധ്രയില്‍ കൂലിപ്പണിയെടുത്ത് ജീവിയ്‌ക്കുന്ന, തെരുവില്‍ കിടന്നുറങ്ങുന്ന നാല് തമിഴ് തൊഴിലാളികളുടെ ജീവിതമാണ് വിസാരണൈ പറയുന്നത്. ഒരു ദിവസം സെക്കന്‍ഡ് ഷോ കണ്ട് മടങ്ങി വരവെ നാലു പേരെയും പൊലീസ് പിടികൂടുന്നു. ഒരു മോഷണക്കേസില്‍ പ്രതികളാക്കി നാലു പേരെയും കേസ് തെളിയിക്കാനായി പൊലീസ് നടത്തുന്ന പീഡനമുറകളാണ് ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പറയുന്നത്. പൊലീസില്‍ തുടങ്ങി, കോടതികളുടെയും ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും കറുത്ത മുഖം ചൂണ്ടിക്കാട്ടുകയാണ് വിസാരണൈ.
കോയമ്പത്തൂര്‍ സ്വദേശിയായ എം ചന്ദ്രകുമാര്‍ എന്ന ഓട്ടോറിക്ഷാത്തൊഴിലാളി സ്വന്തം ജീവിതം പ്രമേയമാക്കി എഴുതിയ ലോക്കപ്പ് എന്ന നോവലാണ് ചിത്രത്തിനാധാരം. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച എഡിറ്റിംഗിനടക്കം പുരസ്കാരങ്ങള്‍ നേടിയ ചിത്രം വെനീസുള്‍പ്പടെയുള്ള പല അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധനക്, തിഥി, ഉഡ്താ പഞ്ചാബ് എന്നിവയടക്കമുള്ള 29 ചിത്രങ്ങളില്‍ നിന്നാണ് വിസാരണൈയെ ജൂറി ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ