കോഴി ഏത് ജാതിയാണ്?

നിര്‍മ്മല ബാബു |  
Published : Mar 27, 2018, 08:12 PM ISTUpdated : Jun 08, 2018, 05:51 PM IST
കോഴി ഏത് ജാതിയാണ്?

Synopsis

കോഴികള്‍ക്കും ജാതിയും മതവുമോ? 'കോഴികള്‍ ഇല്ലാത്ത ഭൂമി'യുടെ സംവിധായകന്‍ സംസാരിക്കുന്നു

കോഴികള്‍ക്കും ജാതിയോ? സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഉയര്‍ന്ന ചോദ്യമാണ് ഇത്.  ജാതി- മത- രാഷ്ട്രീയ ചിന്തകള്‍ എത്രമാത്രം ആഴത്തില്‍ വേരാഴ്ത്തി, മനുഷ്യ മനസ്സുകളില്‍ ധ്രുവീകരണമുണ്ടാക്കി എന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ‘കോഴികള്‍ ഇല്ലാത്ത ഭൂമി’ എന്ന ഹ്രസ്വചിത്രം. 

വിവേചനങ്ങള്‍ക്ക് ഇടയില്‍ കലുഷിതമായ ലോകത്തിന്‍റെ ദുരവസ്ഥ ഒരു കോഴിക്കടയെ കഥാപരിസരമാക്കി ഏറെ രസകമായി ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചെറുസിനിമ. ജീവിച്ചിരിക്കുന്നതും മരിച്ചുപോയതുമായ കോഴികള്‍ക്കായിട്ടാണ് ചിത്രം  സമര്‍പ്പിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ അടരുകളില്‍ സാമൂഹ്യ വിമര്‍ശനം സാധ്യമാക്കുന്ന ചിത്രം വിശാല്‍ വിശ്വനാഥനാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം ശ്രീയും എഡിറ്റിങ് ഉണ്ണി ഭവാനിയും പശ്ചാത്തല സംഗീതം അബിന്‍ സാഗറും നിര്‍വഹിക്കുന്നു. വിനീത് വിഎം, ലിബിന്‍ പള്ളാച്ചേരില്‍, സിനി വിശാല്‍, നജീം എസ് മേവറം, രജീഷ് വി നായര്‍, , ദീപക് രാജു, അക്ബര്‍ തൃത്തല്ലൂര്‍, അല്‍ത്താഫ് തൃത്തല്ലൂര്‍, എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയില്‍. 'കോഴികള്‍ ഇല്ലാത്ത ഭൂമി' എന്ന ഹ്രസ്വചിത്രത്തിന്‍റെ സംവിധായകന്‍  വിശാല്‍ വിശ്വനാഥന്‍ ഏഷ്യനെറ്റ് ന്യൂസ് ഒാണ്‍ലൈനിനോട് സംസാരിക്കുന്നു. നിര്‍മ്മല നടത്തിയ അഭിമുഖം.

എങ്ങനെയാണ് കോഴികളിലേക്ക് എത്തിയത്?

ഏകദേശം ഒരു വര്‍ഷമായി സിനിമ, ഫെസ്റ്റിവല്‍ വേദികളില്‍ അവതരിപ്പിക്കുന്നു. യൂട്യൂബില്‍ പുറത്തിറങ്ങിയത് ഇപ്പോഴാണ് എന്ന് മാത്രം. ജനകീയ പങ്കാളിത്തത്തോടെ ഒരുക്കിയ ചിത്രം ഇതിനകം മുപ്പതോളം പുരസ്‌കാരങ്ങള്‍ നേടി. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ പരസ്‍പരം ചേരിതിരയുന്ന അവസ്ഥ അതിഭീകരമാണ്. നമ്മള്‍ എല്ലാം മനുഷ്യരാണ് എന്നത് മറന്ന് പരസ്‍പരം പോരടിക്കുന്നത് കണ്ടപ്പോള്‍, അത് ഉറക്കെ വിളിച്ച് പറയണം എന്ന് തോന്നി. എഴുത്തിനെക്കാള്‍ ഉപരിയായി ചലിക്കുന്ന ചിത്രമായിരിക്കും നല്ലത് എന്ന ചിന്തയാണ് ഈ രീതിയില്‍ സിനിമ വരാന്‍ കാരണമായത്.

ആക്ഷേപഹാസ്യത്തിന്റെ രസച്ചരടില്‍ കോര്‍ത്ത് അവതരിപ്പിക്കാം എന്ന ചിന്തയുടെ ഉത്ഭവം?

കൊച്ചു കുട്ടിക്ക് പോലും മനസിലാവുന്ന ലളിതമായ രീതിയില്‍ ആയിരിക്കണം സിനിമയുടെ ആവിഷ്‍ക്കാരം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. കോഴി കച്ചടവും ജാതി- മതത്തിന്‍റെ അടിസ്ഥാനത്തില്‍ വരമോ എന്ന ഒരു ചെറിയ ചിന്ത. ഇങ്ങനെ ഒരു ആശയം രൂപപ്പെട്ടപ്പോഴും ഇത് എങ്ങനെ അവസാനിപ്പിക്കണം എന്ന നിശ്ചയം ഉണ്ടായിരുന്നില്ല. പിന്നീട്, മനുഷ്യന്‍ എങ്ങനെ ഒക്കെ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട് എന്ന ആലോചന അവസാനിച്ചത്, ജാതിയും മതവും കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമാണ് മനുഷ്യനെ വിഭജിക്കുന്നത് എന്ന തിരിച്ചറിവിലാണ്. അതുകൊണ്ടാണ് കോഴി കമ്മ്യൂണിസ്റ്റ് അല്ലേ എന്ന ചോദ്യത്തില്‍ ചിത്രത്തെ അവസാനിച്ചത്. 

ചിത്രത്തിനോടുള്ള പ്രതികരണം എങ്ങനെയാണ്?

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശസ്‍തരില്‍ നിന്ന് ലഭിച്ച നല്ല വാക്കുകള്‍ അവാര്‍ഡിന് തുല്യമായി നില്‍കുന്നു. യുക്തിവാദി എന്ന പേജിലാണ് ചിത്രത്തിന്‍റെ ചെറിയ ഭാഗം ആദ്യം വന്നത്. അവിടെ നിന്നാണ് സോഷ്യല്‍മീഡിയ സിനിമയെ ഏറ്റെടുത്തത്. ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത് ഒരു പ്രശ്‍നമല്ല,  ഇപ്പോള്‍ ഒരു ആയിരം കോഴികള്‍ എനിക്കൊപ്പം ഉണ്ടെന്ന വിശ്വാസം ഉണ്ട്. 

മനുഷ്യര്‍ക്ക് ഇടയില്‍ ജൈവപരമായ വേര്‍തിരിവ് മാത്രം അല്ലേ ഉള്ളൂ?

തീര്‍ച്ചയായും, പ്രകൃതി തന്നെ തീര്‍ത്ത വേര്‍തിരിവില്‍ ഉപരി ഒന്നും ഇല്ലെന്ന ആശയമാണ് ഈ സിനിമയില്‍ ഉടനീളം പറയുന്നത്. ഒരു കുടക്കീഴില്‍ മനുഷ്യനെ ഒന്നിച്ച് നിര്‍ത്താന്‍ വേണ്ടി സൃഷ്‍ടിച്ച വേദഗ്രന്ഥങ്ങളുടെ പേര് പറഞ്ഞുള്ള തരംതിരിവ് മനുഷ്യന്‍റെ മണ്ടത്തരം മാത്രമാണ്. 

ആണ്‍- പെണ്‍ ജാതി എന്നതിലുപരി ട്രാൻസ്ജെൻഡറുകളും അംഗീകരിക്കപ്പെടണ്ടതല്ലേ?

തീര്‍ച്ചയായും, അവരെയും നമ്മള്‍ ചേര്‍ത്ത് പിടിക്കണം. ഈ വിഷയത്തില്‍ പൊതുകാഴ്‍ചപ്പാട് മാറി വരുന്നുണ്ട്. മാറ്റങ്ങള്‍ ഉണ്ടാവട്ടെ...

നഴ്‍സില്‍ നിന്ന് സിനിമ സംവിധായകനിലേക്കുള്ള വഴിത്തിരിവ്?

ആരോഗ്യമേഖലയില്‍ അഞ്ച് വര്‍ഷം സേവനം അനുഷ്‍ഠിച്ചു. സിനിമ എന്ന സ്വപ്‍നം മനസില്‍ എപ്പോഴും ഉണ്ടായിരുന്നു. ആ സ്വപ്‍നത്തില്‍ നിന്ന് ജനിച്ച ആദ്യ ചിത്രമാണ് കോഴികള്‍ ഇല്ലാത്ത ഭൂമി. 

അടുത്ത ചിത്രം‍, സിനിമാ സ്വപ്‍നങ്ങള്‍?

അടുത്ത ചിത്രം ആലോചനയിലാണ്. അത് ഉടന്‍ വെളിച്ചത്തിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. വലിയ സംവിധായകരുടെ കൂടെ നിന്ന് സിനിമയെ വളരെ ഗൗരവകരമായി പഠിക്കണം. പിന്നീട് ഒരു വലിയ സിനിമ. അതില്‍ കോഴികള്‍ ഇല്ലാത്ത ഭൂമിയില്‍ ചെയ്‍തതുപോലെ ചെറിയ വേഷം അതാണ് ആഗ്രഹം.

കുടുംബം?

ഭാര്യ സിനി, മകന്‍ ഓം എല്‍കെജിയില്‍ പഠിക്കുന്നു. ചടയമംഗലമാണ് സ്വദേശം. ഇപ്പോള്‍ തൃശൂരാണ് താമസം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം