'ഒറ്റ ഷോട്ടില്‍ പോലും ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു'; പീറ്റര്‍ ഹെയ്‍നിന് മുന്നിലെ മമ്മൂട്ടിയെക്കുറിച്ച് വൈശാഖ്

By Web TeamFirst Published Sep 7, 2018, 1:41 PM IST
Highlights

'മമ്മൂക്ക അഭിനയിക്കുന്ന ഒരു പ്രധാന സംഘട്ടനരംഗം, പീറ്റര്‍ ഹെയ്‍നുമൊത്ത് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോള്‍.'

വൈശാഖിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍റെ അഭൂതപൂര്‍വ്വമായ ജനപ്രീതിക്ക് പിന്നില്‍ അതിലെ സംഘട്ടനരംഗങ്ങള്‍ക്കും പങ്കുണ്ടായിരുന്നു. പീറ്റര്‍ ഹെയ്ന്‍ എന്ന സംഘട്ടന സംവിധായകന്‍റെ പേര് സിനിമ കാണുന്ന മലയാളികള്‍ക്കാകെ സുപരിചിതമാക്കി പുലിമുരുകന്‍. പുലിമുരുകനില്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘട്ടനരംഗങ്ങളില്‍ മോഹന്‍ലാല്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെ നടത്തിയ പ്രകടനം പ്രേക്ഷകപ്രശംസ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ പുലിമുരുകന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന മധുരരാജയില്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന സംഘട്ടനരംഗങ്ങളില്‍ മമ്മൂട്ടിയും ഡ്യൂപ്പില്ലാതെയാണ് അഭിനയിക്കുന്നതെന്ന് വൈശാഖ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതിനൊപ്പമാണ് വൈശാഖ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

"പീറ്റര്‍ ഹെയ്‍നുമൊത്ത് മമ്മൂക്ക അഭിനയിക്കുന്ന ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോള്‍. ആ സീക്വന്‍സില്‍ ഒറ്റ ഷോട്ടില്‍ പോലും മമ്മൂക്കയുടെ സ്ഥാനത്ത് ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമായിരുന്നു ആ തീരുമാനം. മമ്മൂക്കയ്ക്ക് എന്‍റെ സല്യൂട്ട്. അദ്ദേഹത്തിന്‍റെ പ്രസരിപ്പിന്, ആവേശത്തിന്, മത്സരബുദ്ധിക്ക്, എല്ലാത്തിലുമുപരി അര്‍പ്പണത്തിന്. ചന്തുവിനെ തോല്‍പിക്കാന്‍ ആവില്ല മക്കളേ.. മമ്മൂക്കയ്ക്ക് സ്നേഹം", വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

പോക്കിരിരാജ പുറത്തിറങ്ങി എട്ട് വര്‍ഷത്തിന് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മധുരരാജയുടെ തിരക്കഥ പുലിമുരുകന്‍റെ രചയിതാവ് ഉദയകൃഷ്ണയുടേത് തന്നെയാണ്. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. ഓഗസ്റ്റ് 9നാണ് ചിത്രീകരണം ആരംഭിച്ചത്.

click me!