സിനിമയിലെ ലിംഗവിവേചനം; കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

By Web DeskFirst Published Apr 11, 2018, 2:40 PM IST
Highlights
  • സിനിമയിലെ ലിംഗവിവേചനം
  • കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല
  • വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടയിന്തര ശ്രദ്ധയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചാണ് നിവേദനം നല്‍കിയത്.
     

 

തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ പഠനങ്ങള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഡബ്ല്യു സിസി നിവേദനം നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് പറഞ്ഞിരിക്കുന്നത്.

കമ്മീഷന്‍ രൂപികരിക്കപ്പെട്ട് ആറുമാസമായിട്ടും ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ല. എന്തുകൊണ്ടാണ് കാലതാമസമുണ്ടായതെന്ന് അന്വേഷിച്ചറിയണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടയിന്തര ശ്രദ്ധയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചാണ് നിവേദനം നല്‍കിയത്.

ഡബ്ല്യുസിസി  ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയിൽ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കഴിഞ്ഞ വർഷം 2017 മെയ് 17ന് വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

അങ്ങേയറ്റം പ്രതീക്ഷാനിര്‍ഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്. ഈ കൂടിക്കാഴ്ചയെ തുടര്‍ന്ന് സിനിമാ മേഖലയില്‍ ദേശീയ തലത്തില്‍ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉള്‍ക്കാഴ്ചയോടെയും പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകള്‍ നിര്‍ദ്ദേശിക്കുന്നതിനും അത്തരമൊരു പoന റിപ്പോർട്ടിന് കഴിയുമെന്ന് ഞങ്ങള്‍ക്കും ഉറപ്പുണ്ട്.

ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷന്‍ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോർട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങള്‍ നോക്കി കാണുന്നത്. സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ എടുക്കാന്‍ സാധിക്കില്ല എന്നത് ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടര്‍ന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യര്‍ത്ഥിച്ചാണ് ഡബ്ല്യു സി സി സര്‍ക്കാരിന് നിവേദനം നല്കിയത്.സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടല്‍ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് ഡബ്ല്യു സി സി  പ്രതീക്ഷിക്കുന്നു.

click me!