ഗൂഗിള്‍ സിഇഒയും 'സര്‍ക്കാരി'ലെ വിജയ്‍യും തമ്മിലെന്ത്? സംവിധായകന്‍ പറയുന്നു

By Web TeamFirst Published Oct 21, 2018, 10:57 PM IST
Highlights

"വ്യവസ്ഥിതിയെ ശരിയാക്കാന്‍ അനേകം വിപ്ലവകാരികള്‍ അവരുടേതായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് നാം കണ്ടിട്ടുണ്ട്. താന്‍ ജനിച്ചുവളര്‍ന്ന പട്ടണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഒരു കോര്‍പറേറ്റ് മേധാവി എന്തൊക്കെ ചെയ്യാം എന്നതാണ് സിനിമയുടെ പ്ലോട്ട്."

വിജയ് നായകനാവുന്ന എ ആര്‍ മുരുഗദോസ് ചിത്രം സര്‍ക്കാരിന്‍റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ഇന്‍റര്‍നെറ്റില്‍ ലഭിച്ചത്. തുപ്പാക്കിക്കും കത്തിക്കും ശേഷം മുരുഗദോസ്-വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ സാക്ഷാല്‍ 'അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറി'ന്‍റെ ടീസറിനെ മറികടന്നു. ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ലൈക്ക് നേടുന്ന ടീസറാണ് ഇപ്പോള്‍ വിജയ് ചിത്രത്തിന്‍റേത്. എന്നാല്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തിലെ വിജയ് കഥാപാത്രം ആരാണ്, എന്താണ്? 

വിജയ് അവതരിപ്പിക്കുന്ന നായകന്‍റെ പേര് സുന്ദര്‍ എന്നാണെന്ന് പറയുന്നു സംവിധായകന്‍ മുരുഗദോസ്. മറ്റൊരു കൗതുകകരമായ വര്‍ത്തമാനം കൂടി പങ്കുവച്ചു പ്രമുഖ തമിഴ് മാസിക വികടന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം. സുന്ദര്‍ പിച്ചൈ എന്ന സാക്ഷാല്‍ ഗൂഗിള്‍ സിഇഒയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിജയ്‍യുടെ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന്. 

വിജയ്‍യുടെ കഥാപാത്രം വിദേശത്തുനിന്ന് തിരിച്ചെത്തുന്നതും ഇവിടുത്തെ വ്യവസ്ഥിതിയെ ശുദ്ധമാക്കുന്നതുമാണ് കഥ. വ്യവസ്ഥിതിയെ ശരിയാക്കാന്‍ അനേകം വിപ്ലവകാരികള്‍ അവരുടേതായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് നാം കണ്ടിട്ടുണ്ട്. താന്‍ ജനിച്ചുവളര്‍ന്ന പട്ടണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഒരു കോര്‍പറേറ്റ് മേധാവി എന്തൊക്കെ ചെയ്യാം എന്നതാണ് സിനിമയുടെ പ്ലോട്ട്.

ക്ലൈമാക്സില്‍ ഒരു രണ്ടര മിനിറ്റ് സിംഗിള്‍ ഷോട്ടില്‍ വിജയ് അസാധ്യമായി പെര്‍ഫോം ചെയ്തിരുന്നെന്നും പറയുന്നു മുരുഗദോസ്. "എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് സിനിമയില്‍ ഉപയോഗിച്ചിട്ടില്ലെന്നും. ആ രംഗം മൂന്ന് റേഞ്ചുകളില്‍ വരുത്താന്‍ വേണ്ടി ആ സിംഗിള്‍ ഷോട്ട് ഒഴിവാക്കേണ്ടിവന്നു", മുരുഗദോസ് അവസാനിപ്പിക്കുന്നു.

 

സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. ഐഫാര്‍ ഇന്‍റര്‍നാഷമലിനാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം. നവംബര്‍ ആറിന് (ദീപാവലി) തീയേറ്ററുകളിലെത്തും.

click me!