മലയാള സിനിമയിൽ അഭിനേതാക്കൾക്ക് അവരഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളുടെ പേര് സ്വന്തം പേരിനൊപ്പം ലഭിക്കുന്നത് ആദ്യമല്ല 

മലയാളത്തിലെ പ്രശസ്തരായ പല ചലച്ചിത്ര താരങ്ങളും അവരുടെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ വന്ന സിനിമകളുടെ പേര് ചേര്‍ത്താണ് അറിയപ്പെടാറ്. സ്ഫടികം ജോര്‍ജും മണിയന്‍പിള്ള രാജുവും ഭീമന്‍ രഘുവും ഇടവേള ബാബുവുമൊക്കെ അക്കൂട്ടത്തിലുണ്ട്. ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്‍റെ പേരായ പെപ്പെ ആണ് ആന്‍റണി വര്‍​ഗീസിന്‍റെ ശരിക്കുമുള്ള പേര് എന്ന് വിശ്വസിക്കുന്ന പ്രേക്ഷകരുമുണ്ട്. ഇതൊക്കെ കാലങ്ങളെടുത്ത് പ്രേക്ഷകര്‍ ഉറപ്പിച്ച പേരുകളാണ്. ആ പേരുകളില്‍ ആ അഭിനേതാക്കള്‍ക്കും അഭിമാനമേ ഉണ്ടാവൂ. കതാപാത്രങ്ങള്‍ പ്രേക്ഷകരില്‍ അത്രത്തോളം സ്വാധീനം ചെലുത്തിയതുകൊണ്ടാണല്ലോ ആ പേരും അവര്‍ക്കൊപ്പം സ്ഥിരമായി ചേര്‍ക്കപ്പെട്ടത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മലയാളത്തിലെ ഒരു ശ്രദ്ധേയ യുവതാരത്തിനും ചെല്ലപ്പേരിട്ട് കൊടുക്കുകയാണ് പ്രേക്ഷകരില്‍ ചിലര്‍. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ കൈയടി നേടിയ യുവനടന്‍ സന്ദീപ് പ്രദീപ് ആണ് അത്.

സന്ദീപ് പ്രദീപ് ചിത്രങ്ങള്‍

പതിനെട്ടാം പടിയിലെ ചെറിയ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച സന്ദീപിന്‍റെ രണ്ടാമത്തെ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ അന്താക്ഷരി ആയിരുന്നു. മൂന്നാമത്തെ ചിത്രമായ ഫാലിമിയാണ് സന്ദീപിന് ആദ്യമായി ബ്രേക്ക് നേടിക്കൊടുത്തത്. പിന്നീട് നസ്‍ലെനൊപ്പം ആലപ്പുഴ ജിംഖാനയും വന്നു. എന്നാല്‍ നായകനെന്ന് വിളിക്കാവുന്ന ഒരു കഥാപാത്രത്തെ സന്ദീപിന് ആദ്യമായി ലഭിച്ചത് പടക്കളം എന്ന ചിത്രത്തിലായിരുന്നു. മികച്ച വിജയം നേടിയ ചിത്രവുമായിരുന്നു ഇത്. ഈ ചിത്രത്തിന്‍റെ പേരാണ് സന്ദീപിന്‍റെ പേരിനൊപ്പം പ്രേക്ഷകര്‍ പുതിയ പോസ്റ്റുകളിലൊക്കെ ചേര്‍ക്കുന്നത്. കുറച്ചുകാലമായി ഇതുണ്ടെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പ്രേക്ഷകര്‍ തന്നെ ശ്രദ്ധിക്കുന്നത്. പിന്നാലെ ഇത് ചര്‍ച്ചയുമായി.

പടക്കളം സന്ദീപ് എന്ന പേര് പോരെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. അതേസമയം അഭിനയിച്ച സിനിമയുടെ പേര് സ്വന്തം പേരിനൊപ്പം ലഭിക്കുന്നത് നേട്ടമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പോസ്റ്റുകളിലെ കമന്‍റ് ബോക്സില്‍ പ്രേക്ഷകരില്‍ ഒരു വിഭാ​ഗം എക്കോ സന്ദീപ് എന്നും കുറിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ഒരു താരത്തിന്‍റെ ബഹുഭൂരിപക്ഷം പ്രേക്ഷകരും അത്തരത്തില്‍ വിളിക്കണമെന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ത്തന്നെ ഇതറിയാന്‍ കാത്തിരിക്കണം. പടക്കളത്തിന് ശേഷം സന്ദീപ് നായകനായെത്തിയ എക്കോ അതിനേക്കാള്‍ വലിയ വിജയം നേടിയിരുന്നു. തിയറ്റര്‍ വിജയത്തിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോള്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming