മണിരത്നം ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ ഇതാണ് കാരണം

By Web TeamFirst Published Aug 29, 2018, 6:04 PM IST
Highlights

മലയാളത്തിന്‍റെ പ്രിയതാരം ഫഹദും അഭിനയിക്കേണ്ട ചിത്രമായിരുന്നു അത്. ഫഹദ് പിന്മാറിയത് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് വലിയ വാര്‍ത്തയായിരുന്നു. 

കൊച്ചി: മണിരത്‌നത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഏറെ ശ്രദ്ധേയമായ ട്രെയിലര്‍ വന്‍ വിജയം ആകുമ്പോഴും മലയാളിക്ക് ഒരു സങ്കടമുണ്ട്. മലയാളത്തിന്‍റെ പ്രിയതാരം ഫഹദും അഭിനയിക്കേണ്ട ചിത്രമായിരുന്നു അത്. ഫഹദ് പിന്മാറിയത് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് വലിയ വാര്‍ത്തയായിരുന്നു. 

ഡേറ്റിലെ അനിശ്ചിതത്വമാണ് പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഫഹദ് ഇതില്‍ വലിയ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് വിശ്വാസമില്ലാതിരുന്നതിനാലാണെന്നും ഫഹദ് വ്യക്തമാക്കുന്നു. അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്. 

എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്‍മാറിയതെന്ന് മണി സാറി ന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും” – ഒരു പത്രത്തിന് നല്‍കി അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കി.

അരുണ്‍ വിജയാണ് ഫഹദിന് പകരം ഈ സിനിമയില്‍ വേഷമിടുന്നത്. അതേസമയം ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും. അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു.

എ.ആര്‍. റഹ് മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.

click me!