എന്നെ ഉപദ്രവിച്ചാൽ നശിപ്പിച്ചു കളയും: കര്‍ണിസേനയ്ക്ക് മറുപടിയുമായി നടി കങ്കണ

By Web TeamFirst Published Jan 18, 2019, 4:27 PM IST
Highlights

എന്നാൽ അവർ നിരന്തരം തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവർ അവസാനിപ്പിക്കുന്നില്ലെങ്കിൽ, അവർ അറിയേണ്ടിവരും താനും ഒരു രജപുത് ആണെന്ന്. അവരെ ഓരോരുത്തരെയായി താൻ നശിപ്പിക്കുമെന്നും കങ്കണ പറയുന്നു. 

വീര വനിത ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന ചിത്രം മണികർണികയ്ക്കെതിരെ ഹിന്ദു സംഘടനയായ കര്‍ണി സേന ഉയർത്തിയ ഭീഷണിയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്.  ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ തങ്ങളെ കാണിക്കാതെ പ്രദര്‍ശനത്തിന് അനുവദിക്കില്ല, അല്ലാത്ത പക്ഷം തിയേറ്ററുകള്‍ തല്ലിപ്പൊട്ടിക്കും എന്ന് കര്‍ണി സേന ദേശീയ തലവന്‍ സുഖ്‌ദേവ് സിങ് ഷെഖാവത് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയത്. 

‘നാല് ചരിത്രകാരന്മാരെ കാണിച്ച് വിലയിരുത്തിയതിനുശേഷമാണ് മണികര്‍ണികയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കര്‍ണിസേനയെ ഈ വിഷയം സംബന്ധിച്ച് വിവരം നൽകിയതാണ്. എന്നാൽ അവർ നിരന്തരം തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവർ അവസാനിപ്പിക്കുന്നില്ലെങ്കിൽ, അവർ അറിയേണ്ടിവരും താനും ഒരു രജപുത് ആണെന്ന്. അവരെ ഓരോരുത്തരെയായി താൻ നശിപ്പിക്കുമെന്നും കങ്കണ പറയുന്നു. 

റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മില്‍ ബന്ധമുള്ളതായി ചിത്രത്തിൽ കാണിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് കർണി സേന പ്രതിഷേധവുമായി രംഗത്തെത്തിയത്. റിലീസിന് മുമ്പായി ചിത്രം തങ്ങളെ കണ്ട് ബോധ്യപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവത്’ന്റെ അവസ്ഥയാകും മണികര്‍ണികയ്ക്കും എന്നാണ് കര്‍ണിസേനയുടെ ഭീഷണി.

ക്രിഷും കങ്കണയും  ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം കങ്കണ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ  1857ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന് ആധാരം. അങ്കിത ലോഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനുവരി 25ന്  ചിത്രം തിയേറ്ററുകളില്‍ എത്തും. 

click me!