
തിരുവനന്തപുരം: പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ തിരക്കഥാകൃത്തായ യുവതിക്ക് എതിരെ നല്‍കിയ പരാതിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. ഉണ്ണിയുടെ പരാതി പച്ചക്കള്ളമാണെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഉണ്ണി മുകുന്ദന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ച് താന്‍ നാല് മാസം മുമ്പ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്നും യുവതി വെളിപ്പെടുത്തി. ഉണ്ണി മുകുന്ദന്‍ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.
അതേസമയം പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. ഉണ്ണിമുകുന്ദന്‍റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്
ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി ഞാന്‍ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാല്‍ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യൻ ഇല്ല. അങ്ങോട്ട് പെൺകുട്ടികൾ ചെന്നാൽ പോലും ഒഴിഞ്ഞുമാറുന്നയാൾ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികൾ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അയാൾ അൽപ്പം ക്ഷോഭത്തിലായിരുന്നു.
കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ക്രിപ്റ്റ് ചോദിച്ചു. അത് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ അയാൾ എന്നെ കയറിപ്പിടിച്ചു. ഞാൻ ബഹളം വെച്ചപ്പോള്‍ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു.
ഞാൻ പോകുന്നുവെന്ന് പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോള്‍ തന്നെ സുഹൃത്തിന് എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി. പ്രശ്നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.
ഞാൻ ഫോൺ സ്വിച്ച് ഒാഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളില്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഒക്ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി.
പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്. ഐഡൻറിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണി രണ്ടാൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. കേസിൽ ജനുവരി ആറിന് വിചാരണ തുടങ്ങും. ഒരാളോടും ഭാവിയിൽ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ