മുസ്ലീം ആയതിനാല്‍ താമസിക്കാന്‍ സ്ഥലം ലഭിക്കുന്നില്ലെന്ന് ബോളിവുഡ് നടി

By Web DeskFirst Published Apr 5, 2018, 12:22 PM IST
Highlights
  • മുസ്ലീം ആയതിനാല്‍ താമസിക്കാന്‍ സ്ഥലം ലഭിക്കുന്നില്ലെന്ന് ബോളിവുഡ് നടി
  •  ശ്രദ്ധേയമായ  യേ ഹേയ് മൊഹബത്തേന്‍ എന്ന ചിത്രത്തിലെ നായിക ഷിറീന്‍ മിര്‍സയാണ്

മുംബൈ: മുസ്ലീം ആയതിനാല്‍ താമസിക്കാന്‍ സ്ഥലം ലഭിക്കുന്നില്ലെന്ന് ബോളിവുഡ് നടി. ശ്രദ്ധേയമായ  യേ ഹേയ് മൊഹബത്തേന്‍ എന്ന ചിത്രത്തിലെ നായിക ഷിറീന്‍ മിര്‍സയാണ് മുംബൈ നഗരത്തില്‍ താമസസ്ഥലം കിട്ടാത്തതിന്‍റെ കാരണങ്ങള്‍ വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രു മുസ്ലീമും, അവിവാഹിതയും നടിയുമായതിനാല്‍ തനിക്ക് മുംബൈയില്‍ ഒരു വീട് ലഭിക്കാന്‍ അര്‍ഹതയില്ലെന്നാണ് ഷിറീന്‍ മിര്‍സ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എട്ട് വര്‍ഷം മുന്‍പ് താന്‍ മുംബൈയില്‍ വന്നപ്പോള്‍ എടുത്ത ഒരു ചിത്രം സഹിതമാണ് ഷിറീന്‍ മിര്‍സ താന്‍ അനുഭവിച്ച കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വിവരിച്ചിരിക്കുന്നത്.

നടി ഇട്ട പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, ഒരു വീട്... മുസ്ലീം... മുംബൈയില്‍ ഒരു വീട് ലഭിക്കാന്‍ എനിക്ക് അര്‍ഹതയില്ല, കാരണം ഞാന്‍ ഒരു എംബിഎക്കാരിയാണ്(എം-മുസ്ലീം, ബി-ബാച്ച്‌ലര്‍, എ-ആക്ടര്‍) നടിയാണെങ്കിലും ''താന്‍ ഒരു നടിയാണെങ്കിലും ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യില്ല. തനിക്കെതിരെ ക്രിമിനല്‍ കേസുകളുമില്ല. പിന്നെ എങ്ങനെയാണ് എന്റെ തൊഴിലിനെ അടിസ്ഥാനമാക്കി അവര്‍ എന്റെ സ്വഭാവം കണക്കാക്കുന്നത്''-ഷിറീന്‍ മിര്‍സ ചോദിക്കുന്നു. 

രണ്ടാമത്തെ കാര്യം താന്‍ ഒരു അവിവാഹിതയായതാണ്. വീടിനായി ബ്രോക്കര്‍മാരെ സമീപിക്കുമ്പോള്‍ അവിവാഹിതയാണെങ്കില്‍ വീട് കിട്ടില്ലെന്നാണ് അവരുടെ മറുപടി. അല്ലെങ്കില്‍ കൂടുതല്‍ പണം മുടക്കണം. എന്നാല്‍ കുടുംബമായി താമസിക്കുന്നവരും പ്രശ്നങ്ങളുണ്ടാക്കുന്നില്ലേ? പിന്നെ താനൊരു മുസ്ലീമായതാണ് പ്രധാന പ്രശ്നം. വീടിന് വേണ്ടി ഒരാളെ വിളിച്ചപ്പോള്‍ താന്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്നാണ് അയാള്‍ ചോദിച്ചത്. മുസ്ലീമാണെങ്കില്‍ വീട് ലഭിക്കില്ലെന്നും, അല്ലെങ്കില്‍ അമുസ്ലീമായ സുഹൃത്തിന്‍റെ പേരില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണമെന്നും അയാള്‍ പറഞ്ഞു. നമ്മുടെ പേരില്‍ എന്തിരിക്കുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല. 

നമ്മുടെ ചോരയില്‍ ഒരു വ്യത്യാസവുമില്ല. മുംബൈയെ പോലൊരു കോസ്മോപോളിറ്റന്‍ സിറ്റിയില്‍ മതത്തിന്‍റെ പേരില്‍ ആളുകളെ ഇങ്ങനെ വേര്‍തിരിച്ച്‌ നിര്‍ത്തണോ? മുംബൈയില്‍ നിന്നും നേരിടേണ്ടി വന്ന ഇത്തരം പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 

താനടക്കമുള്ള നിരവധിപേരാണ് ഈ വലിയ നഗരത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. താനും ഈ നഗരത്തിന്റെ ഭാഗമല്ലേ എന്ന് ചോദിക്കുന്ന ഷിറീന്‍ മിര്‍സ, തന്നോടൊപ്പം നില്‍ക്കണമെന്നും തന്നെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

click me!