ടിക്കറ്റിനായി ഒ.ടി.പി ചോദിച്ച് പ്രവാസികള്‍ക്ക് ഫോണ്‍ കോള്‍; നടുക്കുന്ന സാമ്പത്തിക തട്ടിപ്പ് പുറത്ത്

By Web TeamFirst Published May 7, 2020, 4:34 PM IST
Highlights

അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കാന്‍ ഇറങ്ങിയ സംഘത്തെ കുറിച്ച് നിരവധി പ്രവാസികളാണ് പരാതിപ്പെടുന്നത്

ദുബായ്: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് എംബസിയില്‍ നിന്ന് അറിയിപ്പിനായി കാത്തിരിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പുസംഘം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈൽ ഫോണിൽ ഒ.ടി.പി വരുമെന്നും അത് പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എംബസിയിൽ നിന്നാണെന്ന വ്യാജേന ഫോണ്‍ വിളിക്കുന്നത്. എങ്ങനെയും നാട്ടിലെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കാന്‍ ഇറങ്ങിയ സംഘത്തെ കുറിച്ച് നിരവധി പ്രവാസികള്‍ പരാതിപ്പെടുന്നു. 

തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. 'നാട്ടിലേക്കുള്ള യാത്രയുടെ പേരില്‍ ചില തട്ടിപ്പുകാർ ഇന്ത്യക്കാരെ ഫോണില്‍ വിളിക്കുന്നതായും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും(OTP) ശേഖരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പ്രവാസികളുടെ അക്കൌണ്ട് വിവരങ്ങള്‍ കോണ്‍സുലേറ്റ് ശേഖരിക്കുന്നില്ലെന്നും ടിക്കറ്റിനുള്ള പണം വിമാന കമ്പനികളില്‍ നേരിട്ടാണ് അടയ്ക്കേണ്ടതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.    


 

It has come to our notice that certain fraudsters are calling Indian nationals in the name of their travel to India and taking bank details or OTP. Consulate officials are reaching out but will never ask for bank or card details and payment to be made directly to airlines.

— India in Dubai (@cgidubai)

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഇതാദ്യമല്ല. ഇന്ത്യയിൽ നിന്നുള്ള രക്ഷാവിമാനങ്ങൾക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിൾ ഫോമുകള്‍ എന്ന പേരില്‍ ലിങ്കുകള്‍ വാട്‌സ്‌ആപ്പിലൂടെ പ്രചരിച്ചിരുന്നു. 'ഇന്ത്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങള്‍' എന്ന തലക്കെട്ടിലാണ് സന്ദേശം പ്രചരിച്ചത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനാണ് വാ‌ട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നത്. 

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാനായി എംബസി വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

Read more: പ്രവാസികളെ പറ്റിച്ച് വാട്‌സ്‌ആപ്പ് സന്ദേശം; രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി ലിങ്കുകള്‍; മുന്നറിയിപ്പ്

click me!