കേന്ദ്ര പാക്കേജ്: എ എന്‍ ഷംസീറിന്‍റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജ പ്രചാരണം

By Web TeamFirst Published Jun 8, 2020, 4:56 PM IST
Highlights

'കേന്ദ്രം 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചില്ലായിരുന്നു എങ്കില്‍ പിണറായി പ്രഖ്യാപിച്ചേനേ' എന്ന് ഷംസീര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തതായാണ് വ്യാജ പ്രചാരണം.

തിരുവനന്തപുരം: എ എന്‍ ഷംസീര്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിന്‍റെ പേരില്‍ വ്യാജ പ്രചാരണം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ ചൊല്ലിയാണ് വ്യാജ പ്രചാരണം ഉടലെടുത്തത്. 

പ്രചാരണം ഇങ്ങനെ

 

കേന്ദ്രം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചില്ലായിരുന്നു എങ്കില്‍, ഈ പാക്കേജ് കേരളം പ്രഖ്യാപിച്ചേനേ. "കേരളം ഭരിക്കുന്നത് പിണറായിയാണ്, ആ ഓര്‍മ്മ എല്ലാവര്‍ക്കും വേണം" എന്നാണ് പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്നത്. എ എന്‍ ഷംസീറിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ചിത്രവും സ്‌ക്രീന്‍ഷോട്ടിലുണ്ട്. കഴിഞ്ഞ മെയ് മാസം മുതല്‍ ഈ പ്രചാരണം സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്കിലും വാട്സ്‌ആപ്പിലും കാണാം. ബൈജു കൃഷ്‌ണദാസ് എന്നയാള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത ചിത്രം ചുവടെ...മൂന്നൂറിലേറെ ഷെയറാണ് ഈ പോസ്റ്റിന് മാത്രം ലഭിച്ചത്. ഇങ്ങനെ നിരവധി പോസ്റ്റുകള്‍. 

പ്രചാരണത്തിന്‍റെ ഒറിജിനല്‍ ഇവിടെ വായിക്കാം

വസ്‌തുത എന്ത്?

എന്നാല്‍, സ്‌ക്രീന്‍ഷോട്ട് ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം നല്‍കിയ വാര്‍ത്തയുടേത് അല്ല എന്നതാണ് യാഥാര്‍ഥ്യം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫോണ്ടും ശൈലിയുമല്ല പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കുള്ളത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ചെടുത്ത ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് എന്ന് വശങ്ങളിലെ മാഞ്ഞ വരകള്‍ വ്യക്തമാക്കുന്നു. യഥാര്‍ഥ ചിത്രത്തില്‍ നിന്ന് എന്തൊക്കയോ മായ്‌ച്ചുകളഞ്ഞതായും കാണാനാവുന്നുണ്ട്. അത് ചുവടെയുള്ള ചിത്രത്തില്‍ ചുവന്ന വട്ടത്തില്‍ നല്‍കിയിരിക്കുന്നു. 

 

നിഗമനം

കേന്ദ്രത്തിന്‍റെ സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്‌താവന ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു എന്ന പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്. കേന്ദ്രം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ പിണറായി വിജയന്‍ പ്രഖ്യാപിച്ചേനെ എന്ന് ഷംസീര്‍ പറഞ്ഞായി ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.  


 

click me!