കൊവിഡ് 19 വ്യാപനത്തിനിടെ ഇറ്റലിയില്‍ നൂറുകണക്കിനാളുകളുടെ കൂട്ടപ്രാർത്ഥന? വീഡിയോ സത്യമോ

By Web TeamFirst Published Apr 1, 2020, 5:33 PM IST
Highlights

കൊവിഡിന് എങ്ങനെ തടയിടണമെന്നറിയാതെ ഇറ്റലി ആശങ്കയില്‍ നില്‍ക്കേ നൂറുകണക്കിനാളുകള്‍ പൊതുയിടത്ത് ഒത്തുകൂടി പ്രാർത്ഥനയില്‍ പങ്കെടുത്തു എന്നൊരു പ്രചാരണമുണ്ട് സാമൂഹ്യമാധ്യമങ്ങളില്‍. 

റോം: കൊവിഡ് 19 മഹാമാരി ഇതിനകം ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് ഇറ്റലി. ഒരു ലക്ഷത്തിലേറെ പേർ കൊവിഡ് ബാധിതരായപ്പോള്‍ 12,428 ആളുകള്‍ മരണമടഞ്ഞതായാണ് റിപ്പോർട്ട്. കൊവിഡിന് എങ്ങനെ തടയിടണമെന്നറിയാതെ ഇറ്റലി ആശങ്കയില്‍ നില്‍ക്കേ നൂറുകണക്കിനാളുകള്‍ പൊതുയിടത്ത് ഒത്തുകൂടി പ്രാർത്ഥനയില്‍ പങ്കെടുത്തു എന്നൊരു പ്രചാരണമുണ്ട് സാമൂഹ്യമാധ്യമങ്ങളില്‍. 

ഇക്കാര്യം പറഞ്ഞുകൊണ്ട് സലീം അഷ്റഫ് എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച 80 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് 12,000ത്തിലേറെ ഷെയറാണ് ലഭിച്ചത്. 

ഈ ദൃശ്യത്തിന്‍റെ പൂർണരൂപം 'കൊറോണവൈറസ് വേള്‍ഡ്‍വൈഡ്'(Coronavirus Worldwide) എന്ന ഫേസ്ബുക്ക് പേജിലുണ്ട്. മാർച്ച് 29നാണ് പേജില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'വിവിധ മതങ്ങളില്‍പ്പെട്ടവർ ഒന്നിച്ചുകൂടി ഇറ്റലിയില്‍ ദൈവത്തിന് മുന്നില്‍ പ്രണമിക്കുന്നു. കരഞ്ഞുകൊണ്ടവർ പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു. ഈ വീഡിയോ മറ്റുള്ളവരിലേക്ക് പങ്കുവെക്കുക' എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു.

ഇതേ ദൃശ്യം ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള തലക്കെട്ടുകളോടെ ട്വിറ്ററിലും പ്രചരിച്ചു. ഇറ്റലിയിലല്ല, സ്പെയിനിലാണ് ഈ സംഭവം നടന്നത് എന്നും ചിലർ അവകാശപ്പെട്ടു. 

എന്നാല്‍ ഈ വീഡിയോയുടെ ഉറവിടം ഇറ്റലിയോ സ്പെയിനോ അല്ല എന്ന് വ്യക്തമായി. പെറുവിന്‍റെ തലസ്ഥാനമായ ലിമയിലെ സാന്‍ മാർട്ടിന്‍ പ്ലാസക്ക് മുന്നില്‍ നിന്നുള്ളതാണ് ദൃശ്യം. 2019 ഡിസംബർ ആറിലേത് ഈ ദൃശ്യമെന്നും വ്യക്തമായിട്ടുണ്ട്. അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം ഈ വർഷം മാർച്ച് 20നാണ് പെറുവിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. 

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഇറ്റലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രാർത്ഥന പൊതുയിടത്ത് നടക്കാനുള്ള സാധ്യത ഇല്ല എന്നതുപോലും ചിന്തിക്കാതെയാണ് ഈ വീഡിയോ പലരും പ്രചരിപ്പിച്ചത്. 

Read more: 'കൊവിഡ് ഭീതി: ഇറ്റലിക്കാര്‍ പണം തെരുവിലേക്ക് വലിച്ചെറിയുന്നു' - സത്യം ഇതാണ്.!

 


 

click me!