
ദില്ലി: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തിന് ആക്കംകൂട്ടിയത് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് എന്നാണ് അനുമാനം. സമ്മേളനത്തില്‍ പങ്കെടുത്ത 378 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 19 ആളുകള്‍ മരണമടഞ്ഞു. രണ്ടായിരത്തിലേറെ പേർ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ ഇത്തവണ പങ്കെടുത്തു എന്നാണ് വിലയിരുത്തല്‍.
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. മുട്ടുകുത്തി ഇരിക്കുന്ന കുറേപ്പേർ മനപ്പൂർവം തുമ്മി കൊവിഡ് 19 പരത്താന്‍ ശ്രമിക്കുകയാണ് എന്നാണ് വീഡിയോ സഹിതം ചിലർ ആരോപണം ഉന്നയിക്കുന്നത്. വസ്തുതകള്‍ തിരക്കാതെ പലരും ഈ വീഡിയോ സാമൂഹ്യമാധ്യങ്ങളില്‍ ഷെയർ ചെയ്യുന്നു.
എന്നാല്‍ ഇന്ത്യ ടുഡേ ആന്‍ഡി-ഫേക്ക് ന്യൂസ് വാർ റൂം നടത്തിയ പരിശോധനയില്‍ മാസങ്ങളുടെ പഴക്കമുണ്ട് ഈ വീഡിയോക്ക് എന്ന് വ്യക്തമായി. എന്നാല്‍ എന്ന് ചിത്രീകരിച്ചതാണെന്ന് കൃത്യമായി കണ്ടെത്താനായില്ല. ഈ വർഷം ജനുവരി 29ന്, അതായത് രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാണ്ട് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഈ വീഡിയോ ഫേസ്‍ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാർച്ച് 13 മുതല്‍ 15 വരെയാണ് തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്.
സൂഫി വിശ്വാസികള്‍ അടക്കം പിന്തുടരുന്ന പ്രാർത്ഥനാ രീതിയാണ് വീഡിയോയില്‍ കാണുന്നത് എന്ന് ഇന്ത്യ ടുഡേ പറയുന്നു. വൈറൽ വീഡിയോയില്‍ കാണുന്ന പള്ളി ദില്ലിയിലെ നിസാമുദ്ദീൻ മോസ്‍ക് അല്ല എന്ന് മറ്റൊരു ഫാക്ട് ചെക്ക് വെബ്‍സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിട്ടുണ്ട്.
Read more: ഏപ്രില്‍ 15 മുതലുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങുകള്‍ ആരംഭിച്ചെന്ന വാര്‍ത്ത സത്യമോ?
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക