
പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രതിഷേധമാണ് രാജ്യമെമ്പാടും നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന അതിക്രമ സംഭവങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അസമിലെ പ്രതിഷേധങ്ങൾക്കിടെ ഒരു യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കുന്ന ഇന്ത്യന്‍ പട്ടാളത്തിന്റെ ചിത്രമാണ് അതിലൊന്ന്.
അസമിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് ഇന്ത്യൻ സൈന്യം പെരുമാറുന്നത് കാണൂ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. പിങ്കു ഗിരി എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം ഷെയര്‍ ചെയ്തതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസമിലെ ഇന്നത്തെ അവസ്ഥ ദില്ലിയിലും യുപിയിലുമെല്ലാം ഉണ്ടാകുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്.
അസമിലെ സിഎഎ പ്രതിഷേധങ്ങളുടേതെന്ന പേരിൽ പ്രചരിച്ച ഈ ചിത്രം പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പുള്ളതാണ്. 2008 മാർച്ച് 24ന് നേപ്പാളിലെ ടിബറ്റന്‍ പ്രക്ഷോഭ സമയത്ത് എടുത്തതാണ് ഈ ചിത്രമെന്നതാണ് വസ്തുത. റോയിട്ടേഴ്‌സ് ആണ് ഈ ചിത്രം പകര്‍ത്തിയത് അഡോബി സ്റ്റോക്ക് ഇമേജസില്‍ ഈ ചിത്രം ഉൾപ്പെട്ടിരുന്നു.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.