
തിരുവനന്തപുരം: സജീവ രാഷ്ട്രീയ പ്രവര്‍ത്തിനിറങ്ങിയിട്ടും കോളജ് അധ്യാപകന്‍റെ ശമ്പളം വാങ്ങുന്നുവെന്ന പ്രചാരണത്തിനെതിരെ മന്ത്രി കെ ടി ജലീല്‍. സാമൂഹ്യ മാധ്യമങ്ങളില്‍ കെ ടി ജലീല്‍ ജോലിയില്‍ നിന്ന് ഇറങ്ങിയിട്ടും കഴിഞ്ഞ 14 വര്‍ഷമായി കോളജ് അധ്യാപകന്‍റെ ശമ്പളം വാങ്ങുന്നുവെന്നാണ് പ്രചാരണം.
എന്നാല്‍, ഈ പ്രചാരണം വ്യാജമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ വ്യക്തമാക്കി. കഴിഞ്ഞ 14 വർഷമായി താന്‍ കോളജ് അധ്യാപക ജോലിയിൽനിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ലീവിലാണുള്ളത്. പത്ത് വർഷം എംഎല്‍എയുടെ ശമ്പളമാണ് വാങ്ങിയത്. കഴിഞ്ഞ നാലു വർഷമായി മന്ത്രിയുടെ ശമ്പളമാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ട് ശമ്പളവും കോളജ് അധ്യാപകന്‍റെ ശമ്പളത്തിനടുത്ത് എത്തില്ലെന്നത് വേറെക്കാര്യമെന്നും മന്ത്രി വിശദീകരിച്ചു.
സംശയമുള്ളവർക്ക് തിരൂരങ്ങാടി പിഎസ്എംഒ കോളജ് പ്രിൻസിപ്പൽ ഡോ. അബ്‍ദുള്‍ അസീസിനോടോ (7510782005, 9446551505) മാനേജർ എം കെ ബാവ സാഹിബിനോടോ (9447744725) അന്വേഷിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. സൈബര്‍ കോണ്‍ഗ്രസ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള വ്യാജ പ്രചാരണത്തിന്‍റെ ഒരു ഫോട്ടോയും മന്ത്രി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
റംസാൻ മാസത്തിലെങ്കിലും അപവാദ പ്രചരണങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് ധരിച്ചവർക്ക് തെറ്റി. കൊറോണയേക്കാൾ മാരക വൈറസുകൾ രാഷ്ട്രീയ രംഗത്ത് സജീവമാണെന്നതിന് തെളിവാണ് ഇതോടൊപ്പം കൊടുത്തിട്ടുള്ള തെറ്റായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തയുടെ ഇമേജ്. കഴിഞ്ഞ 14 വർഷമായി ഞാൻ കോളേജ് അദ്ധ്യാപക ജോലിയിൽനിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ലീവിലാണുള്ളത്. ആ എനിക്ക് എങ്ങിനെയാണ് കോളേജദ്ധ്യാപകൻ്റെ ശമ്പളം വാങ്ങാൻ കഴിയുക? പത്ത് വർഷം MLA യുടെ ശമ്പളമാണ് ഞാൻ വാങ്ങിയത്. കഴിഞ്ഞ നാലു വർഷമായി മന്ത്രിയുടെ ശമ്പളമാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ട് ശമ്പളവും കോളേജ് അദ്ധ്യാപകൻ്റെ ശമ്പളത്തിനടുത്ത് എത്തില്ലെന്നത് വേറെക്കാര്യം. സംശയമുള്ളവർക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ: അബ്ദുൽ അസീസിനോടോ (7510782005, 9446551505) മാനേജർ എം.കെ ബാവ സാഹിബിനോടോ (9447744725) അന്വേഷിക്കാവുന്നതാണ്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.