
ദില്ലി: 'മാംസം ഭക്ഷിക്കുന്നവര്‍ക്കാണ് കൊവിഡ് 19 പിടിപെടുന്നത്, സസ്യാഹാരികള്‍ക്ക് രോഗം ബാധിക്കുന്നില്ല'. എന്തെങ്കിലും വാസ്‌തവമുണ്ടോ ഈ വാദത്തില്‍. സാമൂഹ്യമാധ്യമങ്ങളിലെ ചില പ്രചാരണങ്ങള്‍ ചുവടെ...
സാമൂഹ്യമാധ്യമങ്ങളില്‍ ഹിന്ദിയില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകളിലാണ് സസ്യാഹാരികള്‍ക്ക് കൊവിഡ് പിടിപെടുന്നില്ല എന്ന് പറയുന്നത്. ലോകത്ത് ഇതുവരെ ഒരു വെജിറ്റേറിയന് പോലും കൊവിഡ് ബാധിച്ചില്ല എന്ന് ലോകാരോഗ്യ സംഘടനയുടെ(WHO) റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് ഫേസ്‌ബുക്ക് പോസ്റ്റ്. സമാനമായ നിരവധി പോസ്റ്റുകളും ട്വീറ്റുകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍, ഇത്തരമൊരു പ്രസ്‌താവനയും ലോകാരോഗ്യസംഘടന പുറത്തിറക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യം പ്രതിനിധി സുപ്രിയ ബെസ്‌ബാറുവ വ്യക്തമാക്കി. സസ്യാഹാരം കൊവിഡിനെ തടയുമെന്ന് പറയാനാവില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ആര്‍ വി അശോകന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പറഞ്ഞു. 'പ്രചാരണങ്ങളില്‍ സത്യമില്ല. മാംസാഹാരവും കൊവിഡ് മരണവുമായി ബന്ധമുണ്ട് എന്നതിന് തെളിവുകളില്ല' എന്നാണ് അദേഹത്തിന്‍റെ വാക്കുകള്‍.
കൊവിഡ് 19 വ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും ഭക്ഷണക്രമത്തെയും കുറിച്ച് ലോകാരോഗ്യ സംഘടന വെബ്‌സൈറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിലെവിടെയും മാംസാഹാരം ഉപേക്ഷിക്കണമെന്ന് പരാമര്‍ശിക്കുന്നില്ല. 'കൊവിഡ് പകരും എന്നതിനാല്‍ ചിക്കന്‍ കഴിക്കരുത്' എന്ന പ്രചാരണം നേരത്തയുണ്ടായിരുന്നു. ഇതും വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.