ദില്ലി: കൊവിഡ് 19 സൃഷ്‌ടിച്ചിരിക്കുന്ന ആശങ്ക പടരുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളും ആശങ്ക കൂട്ടുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇതിലൊന്നാണ് ചിക്കന്‍ അടക്കമുള്ള പൗൾട്രി ഉല്‍പന്നങ്ങള്‍ കഴിച്ചാല്‍ കൊവിഡ് 19 പിടിപെടുമെന്നത്. വാട്‌സാപ്പിലെ വൈറല്‍ സന്ദേശമാണ് ആളുകളെ പരിഭ്രാന്തരാക്കിയത്. ഇതിന്റെ വസ്‌തുതകള്‍ പരിശോധിക്കാം. 

Read more: ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന പ്രചാരണം; സത്യം ഇതാണ്

'ബ്രോയിലര്‍ കോഴികള്‍ വഴി കൊറോണ പടരുമെന്ന് ഒരു ന്യൂസ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ചിക്കനിലൂടെയോ മറ്റ് വിഭവങ്ങളിലൂടെയോ കൊവിഡ് 19 പകരുമോ എന്നാണ് എനിക്കറിയേണ്ടത്?'. ഇതായിരുന്നു വാട്‌സാപ്പില്‍ പ്രചരിച്ച സന്ദേശം. ഈ ചോദ്യത്തിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(PIB) യുടെ ഫാക്‌ട് ചെക്ക് വിഭാഗം നല്‍കുന്ന മറുപടി ഇങ്ങനെ. 

"പൗൾട്രി ഉല്‍പന്നങ്ങളുടെ ഉപഭോഗം കൊവിഡ് 19 പരത്തുമെന്ന് തെളിവുകളില്ല. എന്നാല്‍ ശുചിത്വത്തിന്റെ പൊതുതത്ത്വങ്ങൾ പാലിക്കേണ്ടതുണ്ട്".

'കൊവിഡ് 19ന് ചിലപ്പോള്‍ മൃഗങ്ങള്‍ ഉറവിടമായേക്കാം, അത് കൂടുതല്‍ പഠനവിധേയമാക്കേണ്ട വിഷയമാണ്. മനുഷ്യരിലേക്ക് പകരുന്നതിൽ കോഴി പങ്കാളികളാണെന്ന് ആഗോളതലത്തിൽ ഒരു റിപ്പോർട്ടും തെളിയിച്ചിട്ടില്ല. മുൻകാലങ്ങളിൽ കൊറോണ വൈറസ്(SARS 2002-03, MERS 2012 -13) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും കോഴിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല. അതിനാൽ മാംസോല്‍‌പ്പന്നങ്ങളുടെ ഉപഭോഗം സുരക്ഷിതമായേക്കാം. എന്നിരുന്നാലും ലോകോരോഗ്യസംഘടനയുടെ(WHO) യുടെ നിർദേശങ്ങൾ അനുസരിച്ച് ശുചിത്വത്തിന്റെ പൊതുതത്ത്വങ്ങൾ പാലിക്കേണ്ടതുണ്ട്' എന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഫെബ്രുവരി 10ന് വ്യക്തമാക്കിയിരുന്നു. 

റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്. ഇത് അടക്കം നിരവധി തെറ്റായ സന്ദേശങ്ങളാണ് കൊവിഡ് 19നെ ചുറ്റിപ്പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക