ദില്ലിയില്‍ ആരാധനാലയം തകര്‍ത്തില്ലായെന്ന പൊലീസ് വാദത്തിന്‍റെ സത്യാവസ്ഥയിതാണ്

By Web TeamFirst Published Feb 26, 2020, 11:05 AM IST
Highlights

വീഡിയോ വ്യാജമാണെന്നും ബീഹാറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നുമായിരുന്നു മറുവാദം. ആരാധനാലയം തകര്‍ക്കപ്പെട്ടില്ല എന്ന വിശദീകരണവുമായി ദില്ലി പൊലീസും രംഗത്തെത്തി. 

പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് ദില്ലിയില്‍ കലാപകാരികള്‍ ആരാധനാലയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലും ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്നും ബീഹാറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നുമായിരുന്നു മറുവാദം. ആരാധനാലയം  തകര്‍ക്കപ്പെട്ടില്ല എന്ന വിശദീകരണവുമായി ദില്ലി പൊലീസും രംഗത്തെത്തി. വീഡിയോയ്ക്ക് പിന്നിലെ വാസ്തവം പുറത്തുകൊണ്ടു വന്ന് വസ്തുത നിരീക്ഷണ വെബ് സൈറ്റായ ആള്‍ട്ട് ന്യൂസ്.  

അക്രമികള്‍ മോസ്ക്  തകര്‍ത്തുവെന്ന് റാണാ അയ്യുബ്

ഫെബ്രുവരി 25 നാണ് റാണാ അയ്യുബ് വീഡിയോ ട്വീറ്റ് ചെയ്തത്. ജയ് ശ്രീറാം വിളികളോടെ ആളുകള്‍ ആരാധനാലയത്തിന് മുകളില്‍ കയറി പതാക സ്ഥാപിക്കുന്ന ദൃശ്യങ്ങളായിരുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യുബ് ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി.

മറുവാദം ഉയര്‍ന്നത്

എന്നാല്‍ വീഡിയോ വ്യാജമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തെഹ്സീന്‍ പൂനാവാല അവകാശപ്പെട്ടതോടെ വീഡിയോ റാണാ അയ്യുബ് പിന്‍വലിച്ചു. എന്നാല്‍ പിന്നീട് വസ്തുതയാണെന്നും വീഡിയോയുടെ ആധികാരികത ഉറപ്പിച്ചതാണെന്നും വ്യക്തമാക്കി റാണാ അയ്യുബ് വീഡിയോ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ഡിസിപിയുടെ ട്വീറ്റുമായി തെഹ്സീന്‍ പൂനാവാല വീണ്ടുമെത്തി.  അശോക് വിഹാര്‍ മേഖലയില്‍ ഇത്തരമൊരു സംഭവം ഇല്ലെന്നായിരുന്നു ഡിസിപിയുടെ വിശദീകരണം. 

ഇതോടെ റാണാ അയ്യുബ് തെറ്റായ വാര്‍ത്ത പടര്‍ത്തുന്നുവെന്ന് വ്യാപകമായി പ്രചാരണം തുടങ്ങി. റാണാ അയ്യുബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് ട്വീറ്റ് ചെയ്തത്. വീഡിയോ വ്യാജമാണെന്നുള്ള പൊലീസ് വാദം ടൈംസ് നൗ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

വസ്തുത

എന്നാല്‍ അക്രമം നടന്നത് അശോക് വിഹാറില്‍ അല്ലെന്നും അശോക് നഗറില്‍ ആണെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തി. പ്രചരിച്ച വീഡിയോയുടെ ഹൈ റെസല്യൂഷന്‍ വീഡിയോയും ആള്‍ട്ട് ന്യൂസിന് കണ്ടെത്താനായി. മോസ്കിന്‍റെ മിനാരത്തില്‍ കയറി ആളുകള്‍ ഹനുമാന്‍ ഫ്ലാഗ് സ്ഥാപിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാധ്യമ പ്രവര്‍ത്തകയായ നവോമി ബാര്‍ട്ടണ്‍ സംഭവം നടന്ന സ്ഥലത്തിന്‍റെ പേര് വ്യക്തമാക്കി ട്വീറ്റു ചെയ്തിരുന്നു.

സംഭവങ്ങള്‍ക്ക് താന്‍ ദൃക്സാക്ഷിയാണെന്നും നവോമി പറയുന്നു. അശോക് നഗറിലെ ബഡി മസ്ജിദിന്‍റെ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും നവോമി സാക്ഷ്യപ്പെടുത്തുന്നു. ദൃശ്യങ്ങള്‍ ബിഹാറിലെ സമസ്തിപൂറില്‍ നിന്നുള്ളതാണെന്ന വാദം ആള്‍ട്ട് ന്യൂസ് തള്ളി. ദില്ലി പൊലീസിന്‍റെ വാദം ശരിയാണെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തി. എന്നാല്‍ സംഭവം നടന്നത് അശോക് വിഹാറില്‍ അല്ല അശോക് നഗറിലാണ്.  

click me!