ജാമിയ ലൈബ്രറിയിലെത്തിയ വിദ്യാര്‍ഥിയുടെ കയ്യിലുള്ളത് കല്ല് അല്ല; ദേശീയ മാധ്യമങ്ങളുടെ നുണ പൊളിഞ്ഞു

By Web TeamFirst Published Feb 18, 2020, 2:23 PM IST
Highlights

ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ എത്തിയ ഒരു 'വിദ്യാര്‍ഥി ഇരു കൈയിലും  കല്ല് കരുതിയിരിക്കുന്നു' എന്നായിരുന്നു വാര്‍ത്ത

ദില്ലി: 'ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ കൈയില്‍ കല്ലുകളാണ്'- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ജാമിയ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചപ്പോള്‍ പലരുമുയര്‍ത്തിയ വാദമാണിത്. കല്ലെറിയുന്ന വിദ്യാര്‍ഥികളെയാണ് പൊലീസ് ലൈബ്രറിയില്‍ കയറി കൈകാര്യം ചെയ്‌തത് എന്നായിരുന്നു ഇക്കൂട്ടരുടെ അവകാശവാദം. ഇതിന് തെളിവെന്നോളം ദേശീയ മാധ്യമങ്ങള്‍ ഒരു വീഡിയോ പുറത്തുവിട്ടതോടെ വിദ്യാര്‍ഥിയുടെ കയ്യിലെ കല്ലായി ചര്‍ച്ച.

വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ഇന്ത്യ ടുഡേ

ഫെബ്രുവരി 16ന് ഇന്ത്യ ടുഡേ ചാനലില്‍ വന്ന എക്‌സ്ക്ലുസീവ് വാര്‍ത്ത ഇങ്ങനെ. ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ എത്തിയ ഒരു 'വിദ്യാര്‍ഥി ഇരു കൈയിലും കല്ല് കരുതിയിരിക്കുന്നു'. വിശ്വസനീയമായ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെയാണ് ഇന്ത്യ ടുഡേ ചാനല്‍ ഈ വീഡിയോ പുറത്തുവിട്ടത്. ദില്ലി പൊലീസിനെ പ്രത്യേക അന്വേഷണ വിഭാഗത്തില്‍ നിന്നാണ് ചാനലിന് വീഡിയോ ലഭിച്ചത്. ലൈബ്രറിയില്‍ വിദ്യാര്‍ഥികളെ പൊലീസ് ലാത്തികൊണ്ട് മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഈ വീഡിയോ ഇന്ത്യ ടുഡേ പുറത്തുവിട്ടത്.

ഇന്ത്യ ടുഡേക്ക് പിന്നാലെ നിരവധി ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്തു. ടൈംസ് ഓഫ് ഇന്ത്യ, മിറര്‍ നൗ, ടൈംസ് നൗ, ഡിഎന്‍എ, എന്‍ഡി ടിവി ഇന്ത്യ എന്നീ മാധ്യമങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും തകൃതിയായി നടന്നു. 

നോക്കിയവരുടെ കണ്ണിലായിരുന്നു 'കല്ല്'

എന്നാല്‍ വസ്‌തുതാ നിരീക്ഷണ മാധ്യമമായ ആള്‍ട്ട് ന്യൂസിന്‍റെ കണ്ടെത്തല്‍ ഇപ്രകാരമാണ്. വിദ്യാര്‍ഥി കയ്യില്‍ കരുതിയത് കല്ല് അല്ല, പേഴ്‌സ്(വാലറ്റ്) ആണ്. ചിലപ്പോള്‍ മൊബൈല്‍ ഫോണ്‍ ആകാം. വീഡിയോ സൂം ചെയ്‌ത് നോക്കിയാല്‍ വിദ്യാര്‍ഥിയുടെ കയ്യിലുള്ളത് വാലറ്റ് ആണ് എന്ന് വ്യക്തമാണ്. ഇടത്തേ കയ്യിലുള്ളത് മൊബൈല്‍ ഫോണ്‍ ആണെന്നും തെളിഞ്ഞു. കല്ലുകള്‍ക്ക് കൃത്യമായ രൂപമില്ല എന്നതും വിദ്യാര്‍ഥിയുടെ കയ്യിലുണ്ടായിരുന്ന വസ്‌തുക്കള്‍ ചതുരത്തിലുള്ളതാണ് എന്നതുമാണ് വ്യാജ പ്രചാരണം പൊളിച്ചത്. 

ഇന്ത്യ ടുഡേ സംപ്രേഷണം ചെയ്ത അതേ ദൃശ്യത്തിന്‍റെ ഉയര്‍ന്ന ക്വാളിറ്റിയുള്ള വീഡിയോയാണ് ആള്‍ട്ട് ന്യൂസ് പരിശോധിച്ചത്. ജാമിയ മിലിയ വെടിവപ്പില്‍ പരിക്കേറ്റ അതേ വിദ്യാര്‍ഥിയാണ് ദൃശ്യത്തിലുള്ളതെന്നും വ്യാജ പ്രചാരണമുണ്ടായിരുന്നു.    

click me!