ദില്ലി തെരഞ്ഞെടുപ്പ്: 'ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്, 27ല്‍ 21 പേരും മുസ്ലിംകള്‍', പ്രചരിക്കുന്ന പട്ടിക വ്യാജമോ?

By Web TeamFirst Published Jan 14, 2020, 8:36 AM IST
Highlights

ദില്ലി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടെന്ന വാര്‍ത്തകളുടെ സത്യാവസ്ഥയെന്ത്?

ദില്ലി: തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലാണ്. ദില്ലിയില്‍ വീണ്ടും ഒരു നിയമസഭാ തെര‍ഞ്ഞെടുപ്പ് വരാനിരിക്കെ  സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന്‍റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് പാര്‍ട്ടികള്‍. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആം ആദ്മിയുടേതായി പ്രചരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക വ്യാജമാണോ?

ഫെബ്രുവരി 8ന് ദില്ലി പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തുവിട്ടെന്ന കുറിപ്പോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പട്ടിക പ്രചരിച്ചത്. 27 പേരുള്‍പ്പെടുന്ന പട്ടികയിലെ 21 സ്ഥാനാര്‍ത്ഥികളും മുസ്ലിംകളാണെന്നും കുറിപ്പില്‍ പറയുന്നു. 'ദില്ലി നിവാസികള്‍ കരുതിയിരിക്കണം, ഇല്ലെങ്കില്‍ ദില്ലി മറ്റൊരു കശ്മീരാകുന്ന കാലം  വിദൂരമല്ല. സീലാംപുര്‍, ഓഖ്ല, ഷഹീന്‍ബാഗ്, ജസോല, എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വോട്ട് ചെയ്യാന്‍ തയ്യാറായി. വികസനത്തിനും സത്യസന്ധതയ്ക്കും കാര്യമില്ല'- ഫേസ്ബുക്കില്‍ പ്രചരിച്ച കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ആം ആദ്മി ഇത്തരമൊരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ലിസ്റ്റാണെന്നും  ആം ആദ്മിയുടെ ഐടി സെല്‍ തലവന്‍ അങ്കിത് ലാല്‍  സ്ഥരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

Read More: യുപിയില്‍ സിഎഎ പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചതായി പ്രചരിക്കുന്ന വീഡിയോ വ്യാജം

click me!