ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയിലെ ഹമാസ് തുരങ്കത്തിൽ ഇസ്രയേല്‍ സേന; വീഡിയോ സത്യമോ?

Published : Nov 14, 2023, 11:04 AM ISTUpdated : Nov 14, 2023, 11:14 AM IST
ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയിലെ ഹമാസ് തുരങ്കത്തിൽ ഇസ്രയേല്‍ സേന; വീഡിയോ സത്യമോ?

Synopsis

ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയില്‍ ഹമാസ് ഭീകരർ പണിത തുരങ്കത്തിൽ എത്തിയ ഇസ്രായേലി സേന എന്നാണ് വീഡിയോയുടെ തലക്കെട്ട് 

ഗാസ: ഇസ്രയേല്‍ പ്രതിരോധസേനയെ നേരിടാന്‍ ഹമാസ് നിരവധി ടണലുകള്‍ ഗാസയില്‍ പണിതിട്ടുണ്ട് എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയിലും ഹമാസ് വലിയ ടണല്‍ പണിതിട്ടുള്ളതായി ഇസ്രയേലിന്‍റെ ആരോപണമുണ്ട്. അൽ ഷിഫാ ആശുപത്രിക്ക് അടിയിലെ തുരങ്കത്തില്‍ ഇസ്രയേലി സേന പ്രവേശിച്ചതായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇതിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

'ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയില്‍ ഹമാസ് ഭീകരർ പണിത തുരങ്കത്തിൽ എത്തിയ ഇസ്രായേലി സേന. ആത്യാധുനിക തോക്കുകളും വെടികോപ്പുകളും, മയക്കുമരുന്നുകളും എല്ലാം സ്റ്റോക്ക് ചെയ്തു വച്ചിരിക്കുന്നു'- എന്ന മലയാളം കുറിപ്പോടെയാണ് 2023 നവംബര്‍ 14ന് വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അടുക്കിവച്ചിരിക്കുന്ന തോക്കുകളും മറ്റ് ഉപകരണങ്ങളും, ഇവ പരിശോധിക്കുന്ന സൈനികരെയും 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. 

വസ്‌തുതാ പരിശോധന

വൈറല്‍ ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ വീഡിയോ ട്വിറ്ററില്‍ 2023 ഓഗസ്റ്റ് മാസം മുതല്‍ പ്രചരിക്കുന്നതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് മനസിലാക്കാന്‍ കഴിഞ്ഞു. സമാന വീഡിയോ ഓഗസ്റ്റ് 31ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്‌തതാണ്. എന്നാല്‍ ഈ വര്‍ഷം ഒക്ടോബര്‍ ഏഴിന് മാത്രമാണ് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത്. പഴയ വീഡിയോയാണ് ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയില്‍ ഇപ്പോള്‍ ഇസ്രയേലി കണ്ടെത്തിയ തുരങ്കത്തിന്‍റേത് എന്ന വാദത്തോടെ പ്രചരിക്കുന്നതെന്ന് ഇതോടെ ഉറപ്പായി. 

വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തില്‍ നിന്നാണ് ഈ ആയുധശേഖരം കണ്ടെത്തിയത് എന്നാണ് ഓഗസ്റ്റ് 31ന് പ്രത്യക്ഷപ്പെട്ട ട്വീറ്റിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. എന്നാല്‍ വീഡ‍ിയോ റാമല്ലയില്‍ നിന്നുള്ളത് തന്നെയോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് സ്ഥിരീകരിക്കാനായില്ല. അതേസമയം നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി വീഡിയോയ്‌ക്ക് ബന്ധമില്ലെന്നും ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയിലെ തുരങ്കത്തിന്‍റെ വീഡിയോ അല്ലാ ഇതെന്നും വ്യക്തമാണ്. 

നിഗമനം 

ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയില്‍ ഹമാസ് ഭീകരർ പണിത തുരങ്കത്തിൽ എത്തിയ ഇസ്രായേലി സേന എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ വ്യാജവും പഴയതുമാണ്. 2023 ഓഗസ്റ്റ് മാസം മുതല്‍ വീഡിയോ ഇന്‍റര്‍നെറ്റില്‍ കാണാം. ഒക്ടോബര്‍ മാസം മാത്രമാണ് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത്. 

Read more: 'വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ കേരളീയം അടി'; വീഡിയോയുടെ വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check