
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കില്‍ ഇളവുകൾ പ്രഖ്യാപിച്ചോ? 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പുരുഷന്‍മാര്‍ക്കും 58 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്‌ത്രീകള്‍ക്കും ട്രെയിന്‍ യാത്രാനിരക്കില്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. പുരുഷന്മാർക്ക് ട്രെയിൻ യാത്രാ നിരക്കിൽ 40% കിഴിവും സ്ത്രീകൾക്ക് 50% കിഴിവും ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. പ്രചാരണം വ്യാപകമായ സാഹചര്യത്തില്‍ വസ്‌തുത പരിശോധിക്കാം.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രാനിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായുള്ള ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.
ട്രെയിന്‍ യാത്രാനിരക്കിലെ ഇളവുകള്‍ സംബന്ധിച്ചുള്ള പ്രചാരണത്തിന്‍റെ വസ്‌തുത അറിയാന്‍ ദക്ഷിണ റെയില്‍വേ പിആര്‍ഒയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ടീം സംസാരിച്ചു. പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് അദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് മുമ്പ് ലഭ്യമായിരുന്നെങ്കിലും കൊവിഡ് ലോക്ക്‌ഡൗണ്‍ കാലത്ത് ഇന്ത്യന്‍ റെയില്‍വേ ആ ആനുകൂല്യം നിര്‍ത്തലാക്കിയിരുന്നു. പിന്നീട് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രാനിരക്കിലെ ഇളവുകള്‍ പുനഃസ്ഥാപിച്ചുമില്ല.
ഇന്ത്യന്‍ ട്രെയിനുകളില്‍ ആരൊക്കെ ടിക്കറ്റ് നിരക്കില്‍ ഇളവിന് അര്‍ഹരാണെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇപ്പോള്‍ ഇളവുകളുള്ളതായി ആ പട്ടികയില്‍ കാണാനാവില്ല.