
കഴിഞ്ഞ വാരവും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് കുറവുണ്ടായില്ല. കേരളത്തിനെതിരെ നോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ ഒരു പ്രചാരണമായിരുന്നു ഇതിലൊന്ന്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരു വ്യാജ ചിത്രവും ഇക്കഴിഞ്ഞ ആഴ്‌ച സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ഇവയെ കുറിച്ച് വിശദമായ ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് വായിക്കാം.
പ്രചാരണം- 1
മതപരമായ രീതിയില്‍ മാര്‍ച്ച് ചെയ്യുന്ന യുവാക്കളുടേതായിരുന്നു വീഡിയോ. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ നോര്‍ത്ത് ഇന്ത്യന്‍ ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്‌താവട്ടേ വിചിത്രമായ രീതിയിലും. 'കേരളം ഇടത്, കോണ്‍ഗ്രസ് ഭരണങ്ങളുടെ കീഴില്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കൂ. കേരളത്തിലേത് ഭയാനകമായ സാഹചര്യമാണ്. കേരള പൊലീസ് കേഡറ്റുകള്‍ ജയ് ഹിന്ദിന് പകരം ജയ് ഹാദിസമാണ് വിളിക്കുന്നത്. പൊലീസ് മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു'- എന്നിങ്ങനെയുള്ള തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വസ്‌തുത
ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന വീഡിയോയ്‌ക്ക് കേരള പൊലീസുമായി യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. കേരള പൊലീസിന് ഇതുപോലൊരു ഡ്രസ് കോഡ് ഇല്ലെന്നുള്ളത് ഒരു വസ്‌തുത. കേരള പൊലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് പൊലീസ് അധികൃതര്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയില്‍ നടന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത് എന്നാണ് മനസിലാവുന്നത്.
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രചാരണം- 2
ലീഗല്‍ ഇന്‍ഷൂറന്‍സ് ചാര്‍ജായി 36,500 രൂപ നല്‍കിയാല്‍ വെറും രണ്ട് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ ലോണ്‍ ലഭിക്കുമെന്ന രീതിയില്‍ അപ്രൂവല്‍ ലെറ്ററായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. പിഎം മുദ്ര യോജന പദ്ധതി പ്രകാരമാണ് ലോണ്‍ നല്‍കുന്നത് എന്നാണ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഈ അപ്രൂവല്‍ കത്തില്‍ കാണാം. മൂന്ന് വര്‍ഷത്തേക്കാണ് ലോണ്‍ കാലാവധിയെന്നും 8592 രൂപയാണ് ഇഎംഐ വരികയെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ ലോണ്‍ ലഭിക്കുമെന്ന പ്രചാരണം വ്യാജമാണ്. ഈ അനുമതി കത്ത് ഫേക്ക് ആണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ധനകാര്യ മന്ത്രാലയമല്ല ഈ അനുമതി കത്ത് പുറത്തിറക്കിയത് എന്നുമറിയുക.
പ്രചാരണം- 3
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രമാണ് മറ്റൊന്ന്. രാഹുല്‍ ഗാന്ധി സൺഗ്ലാസ് ധരിച്ച ഒരു സ്ത്രീയോടൊപ്പം എടുത്തിരിക്കുന്ന സെല്‍ഫിയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. രാഹുല്‍ പോസ് ചെയ്‌തിരിക്കുന്നത് ഒരു മയക്കുമരുന്ന് മാഫിയ തലവന്‍റെ മകള്‍ക്കൊപ്പമാണെന്ന് പോസ്റ്റുകളില്‍ പറയുന്നു.
വസ്‌തുത
എന്നാല്‍ വിവിധ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നതൊന്നുമല്ല രാഹുല്‍ ഗാന്ധിയുടെ സെല്‍ഫിയുടെ യാഥാര്‍ഥ്യം. എഐ ഇമേജ് ജനറേറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഫോട്ടോയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ചിത്രത്തിന്‍റെ പശ്‌ചാത്തലത്തില്‍ അമിതമായ സ്‌മൂത്ത്‌നസ് കാണാം. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ മുഖത്തിന്‍റെ ആകൃതിയിലും ചില മാറ്റങ്ങള്‍ കാണാം. ഈ ചിത്രം എഐ ടൂളുകള്‍ ഉപയോഗിച്ച് സൃഷ്‌ടിച്ചതാണെന്ന് എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ പരിശോധനയിലും തെളിഞ്ഞു. രാഹുല്‍ ഗാന്ധി ഒരു മയക്കുമരുന്ന് രാജാവിന്‍റെ മകള്‍ക്കൊപ്പം പോസ് ചെയ്‌തിരിക്കുന്നുവെന്ന പ്രചാരണം ഇതിനാല്‍ വ്യാജമാണ്.