
ദില്ലി: ജൂലൈ 15 മുതല്‍ രാജ്യത്തെ ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുമോ? ഹൈവേകളില്‍ ടൂവീലര്‍മാരെ ടോളില്‍ നിന്ന് ഒഴിവാക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ് എന്ന തരത്തില്‍ നിരവധി വാര്‍ത്തകളും പ്രചാരണങ്ങളും അടുത്തിടെ സജീവമായിരുന്നു. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം.
പ്രചാരണം
ദേശീയപാതകളില്‍ ജൂലൈ 15 മുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ടോള്‍ ഈടാക്കുമെന്നാണ് വിവിധ വാര്‍ത്തകളില്‍ കാണുന്നത്. ഇത്തരത്തില്‍ നിരവധി പോസ്റ്റുകള്‍ എക്‌സിലും (പഴയ ട്വിറ്റര്‍) കാണാം.
വസ്‌തുതാ പരിശോധന
ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ജൂലൈ 15 മുതല്‍ ടോള്‍ ഈടാക്കും എന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനമൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. അതേസമയം, നടക്കുന്ന പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരിയുടെ പ്രതികരണം അദേഹത്തിന്‍റെ വെരിഫൈഡ് എക്‌സ് ഹാന്‍ഡിലില്‍ കാണാനായി.
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്‍കരി എക്‌സില്‍ കുറിച്ചിട്ടുണ്ട്.
മാത്രമല്ല, ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ടോള്‍ ഇളവ് ഒഴിവാക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും അറിയിച്ചിട്ടുണ്ട്.
നിഗമനം
ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ജൂലൈ 15 മുതല്‍ ടോള്‍ ഈടാക്കും എന്ന വാര്‍ത്തകള്‍ തെറ്റും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം.