Fact Check | കേരളത്തിലെ കൊടുംതണുപ്പ് മുതല്‍ വോട്ടര്‍ അധികാർ യാത്ര വരെ; കഴിഞ്ഞ ആഴ്‌ചയും വ്യാജ പ്രചാരണങ്ങള്‍ക്ക് പ‌ഞ്ഞമില്ല

Published : Aug 24, 2025, 12:09 PM IST
Fact Check

Synopsis

കഴിഞ്ഞ ആഴ്‌ച കേരളത്തിലടക്കം വ്യാപകമായി സോഷ്യല്‍ മീഡിയില്‍ ഷെയര്‍ ചെയ്യപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ ഇവയാണ്

കേരളത്തില്‍ കൊടുംതണുപ്പ് വരുന്നെന്നത് മുതല്‍ രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാർ യാത്രയുടെ ദൃശ്യങ്ങള്‍ വരെ. കഴിഞ്ഞ വാരവും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്‌ചയിലെ പ്രധാന മൂന്ന് വ്യാജ പ്രചാരണങ്ങള്‍ വിശദമായി പരിശോധിക്കാം.

1

കേരളത്തില്‍ ഓഗസ്റ്റ് 22 വരെ അസാധാരണമായ കാലാവസ്ഥാ സാഹചര്യം വരുന്നതായായിരുന്നു ഒരു പ്രചാരണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇക്കാലയളവില്‍ തണുപ്പ് കൂടുതലായിരിക്കുമെന്നും അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യത ഏറെയാണെന്നുമുള്ള തരത്തിലുള്ള വാട്‌സ്ആപ്പ് ഫോര്‍വേഡാണ് വൈറലായത്. കേരളത്തിലെ അനേകം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ മെസേജ് പ്രത്യക്ഷപ്പെട്ടു. പലരും ഭയക്കുകയും ചെയ്‌തു. എന്താണ് ആ വാട്‌സ്ആപ്പ് മെസേജിന്‍റെ വസ്‌തുതയെന്ന് നോക്കാം.

ആൽഫെലിയോൺ പ്രതിഭാസം നിലനില്‍ക്കുന്നതായും ഓഗസ്റ്റ് 22 വരെ കേരളത്തില്‍ കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പ് കൂടുതലായിരിക്കും എന്നുമുള്ള വാട്‌സ്ആപ്പ് ഫോര്‍വേഡ് വ്യാജമായിരുന്നു. ആൽഫെലിയോൺ പ്രതിഭാസം ശരീരവേദന, തൊണ്ടവേദന, പനി, ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും എന്ന പ്രചാരണവും ആരും വിശ്വസിക്കേണ്ടതില്ലെന്ന് പിന്നീട് വ്യക്തമായി. വാട്‌സ്ആപ്പ് മെസേജിലെ വിവരങ്ങളെല്ലാം വസ്‌തുതാവിരുദ്ധമായിരുന്നു. കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്താന്‍ ആരോ മനപ്പൂര്‍വം പടച്ചുവിട്ടതായിരിക്കണം ഈ വാട്‌സ്ആപ്പ് ഫോര്‍വേഡ്. അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

2

മറ്റൊരു പ്രചാരണം വോട്ടര്‍ അധികാര്‍ യാത്രയെ കുറിച്ചായിരുന്നു. ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാർ യാത്ര വലിയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. വോട്ട് അധികാർ യാത്രയിൽ നിന്നുള്ള ദൃശ്യം എന്ന അവകാശവാദത്തോടെ ഇതിനിടെയൊരു വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിശാലമായൊരു റോഡിലൂടെ വലിയെ ജനക്കൂട്ടം നടന്നുനീങ്ങുന്ന ദൃശ്യമാണിത്. എണ്ണിയാല്‍ തീരാത്ത മനുഷ്യരെ ഈ വീഡിയോയില്‍ കാണാം. മലയാളം കുറിപ്പുകളോടെ കേരളത്തിലും ഈ വീഡിയോ എഫ്‌ബിയില്‍ വൈറലായി.

പ്രചരിക്കുന്ന വീഡിയോ ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാർ യാത്രയിൽ നിന്നുള്ളതല്ല. 2025 ജൂലൈയിൽ മഹാരാഷ്ട്രയിലെ ഷെഗാവിൽ നടന്ന ശ്രീ പാൽഖി ഉത്സവത്തിന്‍റെ ദൃശ്യമാണിത്. വോട്ടര്‍ അധികാർ യാത്രയില്‍ നിന്നുള്ളത് എന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തിരുന്നതാണ്. ആ ദൃശ്യങ്ങള്‍ തന്നെയാണ് ബിഹാറിലെ വോട്ട് അധികാർ യാത്രയില്‍ നിന്നെന്ന പേരില്‍ ഇപ്പോള്‍ പലരും ഷെയര്‍ ചെയ്യുന്നത്.

3

ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ എസ്‌ബിഐയില്‍ നിന്ന് റിവാര്‍ഡ് നേടാം എന്ന എസ്എംഎസ് ആയിരുന്നു കഴിഞ്ഞ ആഴ്‌ച പൊളിഞ്ഞ മറ്റൊരു വ്യാജ പ്രചാരണം. എസ്‌ബിഐ നെറ്റ്‌ ബാങ്കിംഗ് റിവാര്‍ഡായ 9980 രൂപ ക്യാഷായി ക്ലെയിം റെഡീം ചെയ്യാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യൂ എന്നായിരുന്നു മെസേജിലുണ്ടായിരുന്നത്. ഈ തുക നിങ്ങളുടെ എസ്ബിഐ അക്കൗണ്ടില്‍ നേരിട്ടെത്തുമെന്നും മെസേജിലുണ്ടായിരുന്നു. എന്നാല്‍ എസ്ബിഐ റിവാര്‍ഡ് ലഭിക്കാനായി എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടുന്ന സന്ദേശം വ്യാജമാണ്. ഈ സന്ദേശത്തില്‍ കാണുന്ന ഫയലിലോ ലിങ്കിലോ ആരും ക്ലിക്ക് ചെയ്യരുത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു. എസ്ബിഐ ഒരിക്കലും എസ്എംഎസോ വാട്‌സ്ആപ്പ് സന്ദേശമോ വഴി ലിങ്കുകളോ എപികെ ഫയലുകളോ അയക്കാറില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

 

 

 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check