
നെല്‍സണ്‍: ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ദാസുന്‍ ശനക മരണപ്പെട്ടതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ശനക അന്തരിച്ചതായും അദേഹത്തിന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതുമായാണ് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ പ്രചാരണം. വീഡിയോ 70 ലക്ഷത്തിലേറെ പേര്‍ കണ്ട പശ്ചാത്തലത്തില്‍ ദൃശ്യത്തിന്‍റെ സത്യാവസ്ഥ വിശദമായി അറിയാം.
പ്രചാരണം
ദാസുന്‍ ശനകയുടെ രണ്ട് ചിത്രങ്ങള്‍ സഹിതമുള്ള വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ 2025 ജനുവരി 10ന് rk070_874 എന്ന യൂസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങളും ആരാധകരും സുരക്ഷാ ഉദ്യോഗസ്ഥരും എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കുന്നതും വീഡിയോയില്‍ കാണാം. 'ലങ്കന്‍ ഓള്‍റൗണ്ടറായ ശനക അന്തരിച്ചു'- എന്ന തരത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ലക്ഷക്കണക്കിന് ലൈക്കുകള്‍ ഈ വീഡിയോയ്ക്ക് ഇതിനകം ലഭിച്ചു.
വസ്‌തുത
ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ദാസുന്‍ ശനക അന്തരിച്ചതായുള്ള ഇന്‍സ്റ്റഗ്രാമിലെ പ്രചാരണം വ്യാജമാണ്. മൂന്ന് കാര്യങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്.
1. വൈറല്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ട് ഒരു ദിവസം കഴിഞ്ഞ് ഇന്ന് (ജനുവരി 11) ശനക തന്‍റെ വെരിഫൈഡ് ഇന്‍സ്റ്റ അക്കൗണ്ടില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുള്ളതായി കാണാം. ഇതോടെ ശനക മരണപ്പെട്ടിട്ടില്ല എന്ന് വ്യക്തമായി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹതാരവും പേസറുമായ ദുഷ്‌മന്ത ചമീരയ്ക്ക് പിറന്നാള്‍ ആശംസ നേരുകയായിരുന്നു ശനക.
2. മാത്രമല്ല, ദാസുന്‍ ശനകയെ പോലെ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു ലങ്കന്‍ ക്രിക്കറ്റര്‍ അന്തരിച്ചാല്‍ അത് വലിയ വാര്‍ത്തയാവേണ്ടതായിരുന്നു. എന്നാല്‍ ശനക മരണപ്പെട്ടതായി സ്ഥിരീകരിക്കുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ട് പോലും കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല.
3. പ്രചരിക്കുന്ന വീഡിയോയില്‍ ന്യൂസിലന്‍ഡ് താരങ്ങളും ആരാധകരും സുരക്ഷാ ഉദ്യോഗസ്ഥരും എന്തിനാണ് മൗനം ആചരിക്കുന്നത് എന്ന് പരിശോധിക്കുകയും ചെയ്തു. ഇതിനായി നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വസ്‌തുത ബോധ്യപ്പെട്ടു. പുതുവത്സരദിനം ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുടെ സ്‌മരണയ്ക്കായി അദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും കിവീസ് താരങ്ങളും മൗനം ആചരിക്കുന്നതിന്‍റെ വീഡിയോയാണിത്.
വീഡിയോയില്‍ കാണുന്ന അതേ പൊലീസ് ഉദ്യോഗസ്ഥരെ 2025 ജനുവരി 2നുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ കാണാം. ദാസുന്‍ ശനകയുമായി വൈറല്‍ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഇക്കാര്യങ്ങളില്‍ നിന്ന് ഉറപ്പായി.
നിഗമനം
ലങ്കന്‍ ഓള്‍റൗണ്ടര്‍ ദാസുന്‍ ശനക അന്തരിച്ചതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ്.