128 കിലോ സ്വര്‍ണം, 70 കോടിയുടെ വജ്രം എന്നിവ തിരുപ്പതിയിലെ പൂജാരിയുടെ വീട്ടില്‍ നിന്ന് പിടിച്ചോ? Fact Check

Published : Jan 08, 2025, 04:45 PM ISTUpdated : Jan 08, 2025, 04:55 PM IST
128 കിലോ സ്വര്‍ണം, 70 കോടിയുടെ വജ്രം എന്നിവ തിരുപ്പതിയിലെ പൂജാരിയുടെ വീട്ടില്‍ നിന്ന് പിടിച്ചോ? Fact Check

Synopsis

'തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ 16 പൂജാരിമാരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് പിടിച്ച സ്വര്‍ണവും ഡയമണ്ടും'- എന്ന് ഇംഗ്ലീഷിലുള്ള കുറിപ്പോടെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നു, മലയാളത്തിലുള്ള പോസ്റ്റുകളില്‍ പറയുന്നത് മറ്റൊരു അവകാശവാദവും

ആന്ധ്രാപ്രദേശിലെ വിഖ്യാതമായ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ പൂജാരിമാരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് ഇന്‍കം ടാക്സ് (ആദായ നികുതി വകുപ്പ്) വിഭാഗം കോടികള്‍ വിലയുള്ള സ്വര്‍ണവും വജ്രങ്ങളും നോട്ടുകെട്ടുകളും കണ്ടെത്തിയോ? കണ്ടെത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാവുകയാണ്. തിരുപ്പതി ദേവസ്ഥാനത്ത് പിആര്‍ഒയായി ജോലി ചെയ്തിരുന്ന മുസ്ലീം വനിതാ ഓഫീസറുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ആഭരണങ്ങളാണിത് എന്ന തരത്തിലും സോഷ്യല്‍ മീഡിയ പ്രചാരണം തകൃതിയായി നടക്കുന്നു. ഈ സാഹചര്യത്തില്‍ സംഭവം സത്യമോ എന്ന് പരിശോധിക്കാം. 

പ്രചാരണം

128 കിലോ സ്വര്‍ണം, 150 കോടി രൂപയുടെ നോട്ടുകെട്ടുകള്‍, 70 കോടിയുടെ ഡയമണ്ട് എന്നിവ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ 16 പൂജാരിമാരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് ഇന്‍കം ടാക്സ് കണ്ടെത്തി- എന്നാണ് വീഡിയോ പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നത്. 2025 ജനുവരി 5നാണ് ഈ വീഡിയോ എഫ്‌ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ദൈവത്തിന് പണവും സ്വര്‍ണവും ഡയമണ്ടും ആവശ്യമുണ്ടോ? ദേവാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കും മുമ്പ് ഇനിയെങ്കിലും ചിന്തിക്കുക'- എന്നിങ്ങനെ നീളുന്നു വീഡിയോയ്ക്കൊപ്പം ഫേസ്‌ബുക്കിലുള്ള കുറിപ്പ്. മാലകള്‍ അടക്കമുള്ള നിരവധി ആഭരണങ്ങള്‍ ഒരു മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. 

വസ്‌തുതാ പരിശോധന 

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിയുടെ വീട്ടില്‍ നിന്ന് ഇത്തരത്തില്‍ പണവും സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളും പിടികൂടിയോ എന്ന് പരിശോധിക്കാന്‍ ആദ്യം കീവേഡ് സെര്‍ച്ച് നടത്തി. ഈ വീഡിയോ മലയാളം കുറിപ്പോടെയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നതാണെന്നും എഫ്‌ബി പോസ്റ്റില്‍ പറയുന്നതല്ല വീഡിയോയുടെ വസ്‌തുത എന്നും ബോധ്യപ്പെട്ടു. വര്‍ഗീയച്ചുവയോടെ കേരളത്തില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. 

ഈ വീഡിയോയെ കുറിച്ചുള്ള ഫാക്ട് ചെക്ക് വാര്‍ത്തകള്‍ മുമ്പും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ഒരു ജ്വലറി കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് കണ്ടെടുത്ത തൊണ്ടിമുതലുകളുടെ വീഡിയോ ദൃശ്യമാണ് തെറ്റായ കുറിപ്പുകളോടെ എഫ്‌ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊള്ളയടിക്കപ്പെട്ട ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ 2021ലെ ദൃശ്യങ്ങള്‍ ചുവടെ കാണാം.

വെല്ലൂരിലെ ജ്വല്ലറി കൊള്ളയടിച്ച സംഭവത്തിലെ സ്വര്‍ണം കണ്ടെത്തിയത് സംബന്ധിച്ച വാര്‍ത്തയും ചുവടെ ചേര്‍ക്കുന്നു. 

നിഗമനം

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും ഡയമണ്ടും ആദായ നികുതി വകുപ്പ് പിടികൂടിയതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. തിരുപ്പതിയില്‍ ജോലി ചെയ്തിരിക്കുന്ന മുസ്ലീം വനിതാ ജോലിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആഭരണങ്ങള്‍ എന്ന സോഷ്യല്‍ മീഡിയ പ്രചാരണവും വ്യാജമാണ് എന്ന് തെളിഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്നത് തമിഴ്നാട്ടിലെ ഒരു ജ്വല്ലറി കൊള്ളയടിച്ച സംഭവത്തില്‍ കണ്ടെടുക്കപ്പെട്ട തൊണ്ടിമുതലുകളാണ്. 

Read more: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 5000 രൂപ നോട്ട് പുറത്തിറക്കുന്നോ, വൈറലായ ഫോട്ടോ ശരിയോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check