മാസ്‌ക് ധരിക്കാത്തവരുടെ മുഖത്തടിച്ച് ആരോഗ്യമന്ത്രി; വീഡിയോ ഇന്ത്യയില്‍ നിന്നെന്ന് വ്യാജ പ്രചാരണം

By Web TeamFirst Published Sep 2, 2020, 7:47 PM IST
Highlights

കൊവിഡ് സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവരെ ഇന്ത്യന്‍ ആരോഗ്യമന്ത്രി മുഖത്തടിച്ച് നേരിടുകയാണ് എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്

ദില്ലി: മാസ്‌ക് ധരിക്കാത്തവരുടെ മുഖത്തിടിച്ചാണോ ഇന്ത്യയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. ആരോഗ്യമന്ത്രി തെരുവില്‍ നേരിട്ടിറങ്ങി ആളുകളെ കൈകാര്യം ചെയ്യുകയാണ് എന്നാണ് വീഡിയോ സഹിതമുള്ള പ്രചാരണം. വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതാവട്ടെ ചൈനീസ് ഭാഷയിലും. ഫേസ്‌ബുക്കിനും ട്വിറ്ററിനും പുറമെ ചൈനീസ് സാമൂഹ്യമാധ്യമങ്ങളിലും വൈറലായ പ്രചാരണത്തിന് പിന്നിലെ വസ്‌തുത എന്ത്?

പ്രചാരണം ഇങ്ങനെ

'ലളിതവും ക്രൂരവുമായി കൊവിഡിനെ നേരിടുന്ന ഇന്ത്യ. ആരോഗ്യമന്ത്രി തെരുവില്‍ നേരിട്ടിറങ്ങി മാസ്‌ക് ധരിക്കാത്തവരുടെ മുഖത്തടിക്കുന്നു'- ചൈനീസ് തലക്കെട്ടോടെയാണ് പതിനഞ്ച് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ Weiboയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഓഗസ്റ്റ് 11ന് പോസ്റ്റ് ചെയ്ത ഇതിനകം നാലരലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 

നിരവധി യൂസര്‍മാര്‍ സമാന വീഡിയോ ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. അവ കാണാം.

വസ്‌തുത

ഇന്ത്യയെ അപമാനിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നുള്ളത് പോലുമല്ല. പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനല്‍ 24 ന്യൂസ് എച്ച്‌ഡി(24 News HD)യുടെ ഒരു പ്രോഗ്രാമില്‍ നിന്നുള്ള വീഡിയോ ആണിത്. ഈ വര്‍ഷം ജൂലൈ 24ന് ഈ വീഡിയോയുടെ പൂര്‍ണരൂപം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. പ്രോഗ്രാമിലെ 5:23 മിനുറ്റ് മുതലുള്ള ഭാഗം കട്ട് ചെയ്‌തെടുത്താണ് ഇന്ത്യയില്‍ നിന്നുള്ളത് എന്ന തലക്കെട്ടുകളില്‍ പ്രചരിപ്പിക്കുന്നത് എന്ന് എഎഫ്‌പി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. 

 

നിഗമനം

കൊവിഡ് സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവരെ ഇന്ത്യന്‍ ആരോഗ്യമന്ത്രി മുഖത്തടിച്ച് നേരിടുകയാണ് എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. പാകിസ്ഥാനില്‍ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. ഈ വ്യാജ പ്രചാരണത്തിന് പിന്നില്‍ ചൈനീസ് സാമൂഹിക മാധ്യമ അക്കൗണ്ടുകളാണ്. 

കൊവിഡിനിടയിലും പഞ്ചാബില്‍ റെയില്‍വേ ജീവനക്കാരുടെ കൂറ്റന്‍ റാലി?

ലോകത്തെ ഞെട്ടിച്ച ഉല്‍ക്കമഴയും വീഡിയോയ്‌ക്ക് പിന്നിലെ രഹസ്യവും

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!