അമൃത്‌സര്‍: കൊവിഡ് 19 വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലും പഞ്ചാബില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ ജീവനക്കാരുടെ കൂറ്റന്‍ പ്രതിഷേധ റാലി നടന്നോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയും ചിത്രവും സത്യമെങ്കില്‍ വലിയ അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനാല്‍ ഇത്ര അപകടം പിടിച്ചൊരു റാലി പഞ്ചാബില്‍ നടന്നോ എന്ന് പരിശോധിക്കാം.

പ്രചാരണം ഇങ്ങനെ

അമന്‍ജീത് സിംഗ് എന്ന ഫേസ്‌ബുക്ക് യൂസറാണ് ജൂലൈ 28ന് വീഡിയോ പോസ്റ്റ് ചെയ്‌തത്. റെയില്‍വേയിലെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ കഴിഞ്ഞ ഏഴ് ദിവസമായി പ്രക്ഷോഭത്തിലാണ് എന്നാണ് വീഡിയോയ്‌ക്ക് ഒപ്പമുള്ള തലക്കെട്ടില്‍ പറയുന്നത്. ഇതിനകം 18 ലക്ഷം പേര്‍ വീഡിയോ കാണുകയും 50,000ത്തിലേറെ ഷെയര്‍ ലഭിക്കുകയും ചെയ്തു. 

ഈ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തവരുടെ പേര് അമന്‍ജീത് സിംഗില്‍ ഒതുങ്ങുന്നില്ല. കല്‍വീര്‍ ഗില്‍, ദീപക് ഖാത്രി, ഭവാനി കി ആവാസ്, വിശേഷ് യാദവ്, ബിഗ് ഫാന്‍ രവീഷ് കുമാര്‍ തുടങ്ങിയ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും ഈ വീഡിയോയും ചിത്രവും കാണാം. 

 

വസ്‌തുത

വീഡിയോയില്‍ പറയുന്ന റാലി അടുത്തിടെ നടന്നതല്ല എന്നതാണ് യാഥാര്‍ഥ്യം. 

വസ്തുത പരിശോധന രീതി

റാലിയില്‍ പങ്കെടുക്കുന്ന ആരും മാസ്‌ക് ധരിച്ചിട്ടില്ല. റാലിയിലെ ബാനറില്‍ പഞ്ചാബിലെ കപുര്‍ത്തലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കപുര്‍ത്തലയിലെ റാലിയെ കുറിച്ച് കീവേഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളും വസ്‌തുത വ്യക്തമാക്കുന്നു. പ്രചരിക്കുന്ന വീഡിയോയുടെ ഒറിജിനല്‍ ദ് ട്രിബ്യൂണ്‍ നല്‍കിയ വാര്‍ത്തയില്‍ നിന്ന് കണ്ടെത്താനായി. 2019 ജൂലൈ 9നാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 

റെയില്‍വേ കോച്ച് ഫാക്‌ടറി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജീവനക്കാര്‍ നടത്തിയ പ്രതിഷേധ റാലിയാണ് ഇതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പ്രചരിക്കുന്ന ചിത്രം എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക് 2019 ജൂലൈ 15ന് ട്വീറ്റ് ചെയ്‌തിട്ടുള്ളതാണ് എന്നും കണ്ടെത്തി. 

 

നിഗമനം

കൊവിഡ് 19 പ്രതിസന്ധിക്കിടെ പഞ്ചാബിലെ കപുര്‍ത്തലയില്‍ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്ത് റെയില്‍വേ ജീവനക്കാരുടെ കൂറ്റന്‍ റാലി നടന്നു എന്ന പ്രചാരണം വ്യാജമാണ്. അടുത്ത ദിവസങ്ങളിലൊന്നും ഇത്തരമൊരു പ്രതിഷേധം നടന്നിട്ടില്ല. പ്രചരിക്കുന്ന വീഡിയോയും ചിത്രവും 2019ലേതാണ്. 

ലോകത്തെ ഞെട്ടിച്ച ഉല്‍ക്കമഴയും വീഡിയോയ്‌ക്ക് പിന്നിലെ രഹസ്യവും

ശ്രീശൈലം റോഡില്‍ പുള്ളിപ്പുലി രണ്ടുപേരെ കടിച്ചുകൊന്നുവെന്ന് ചിത്രങ്ങള്‍ സഹിതം പ്രചാരണം; സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​