'കൊവിഡിനുള്ള മരുന്നും ചികിത്സയും'; ഈ വാട്‌സ്‌ആപ്പ് സന്ദേശം പ്രമുഖ ഡോക്‌ടര്‍ തയ്യാറാക്കിയതോ?

By Web TeamFirst Published Jun 13, 2020, 7:19 PM IST
Highlights

മുംബൈയിലെ കെഇഎം ആശുപത്രിയിലെ പ്രസിദ്ധ ഡോക്‌ടറാണ് ഈ കുറിച്ച് തയ്യാറാക്കിയത് എന്നാണ് പ്രചാരണം

മുംബൈ: കൊവിഡിന് മരുന്നോ വാക്‌‌സിനോ കണ്ടെത്തിയിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി കുറിപ്പടികളാണ് പ്രചരിക്കുന്നത്. കൊവിഡ് ചികിത്സയില്‍ ചെയ്യേണ്ട കാര്യങ്ങളും മരുന്നുകളുമാണ് ഈ കുറിപ്പിലുള്ളത്. മുംബൈയിലെ കെഇഎം ആശുപത്രിയിലെ പ്രസിദ്ധ ഡോക്‌ടറാണ് ഈ കുറിച്ച് തയ്യാറാക്കിയത് എന്നാണ് പ്രചാരണം

പ്രചാരണം, കൂടുതല്‍ വിശദാംശങ്ങള്‍

'കെഇഎം ആശുപത്രിയിലെ ഡോക്‌ടറാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ആരും ഭയക്കേണ്ടതില്ല, പൂര്‍ണമായും വായിക്കുക. ചുവടെ നല്‍കിയിരിക്കുന്ന ചികിത്സാ രീതി  ഡോക്‌ടറുടെ നിര്‍ദേശപ്രകാരം പിന്തുടരുക. കൊറോണയെ പേടിക്കേണ്ടതില്ല. ഭക്ഷണരീതിയില്‍ മാറ്റം വരുത്തുക. ഏറെ എണ്ണയും എരിവുമില്ലാത്ത പരിപ്പും ചോറും കിച്ചടിയും ഇഡ്‌ലിയും ഉപ്പുമാവും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഇഞ്ചിയിട്ട ചായ കുടിക്കുക. രാത്രികളില്‍ മഞ്ഞളിട്ട പാല്‍ കുടിക്കുക. ചൂടുവെള്ളം തുടര്‍ച്ചയായി കുടിക്കുക'- ഇങ്ങനെ നീളുന്നു വിശദമായ സന്ദേശം. 

 

കഫം അധികമാകുന്നുണ്ടെങ്കില്‍ കഴിക്കാനുള്ള ഗുളികയുടെ പേരും കഴിക്കേണ്ട രീതിയും സന്ദേശത്തില്‍ നല്‍കിയിട്ടുണ്ട്. 

 

വസ്‌തുത

കൊവിഡ് 19ന് മതിയായ ചികിത്സയോ മരുന്നോ വാക്‌സിനോ നിലവിലില്ല എന്നതാണ് വസ്‌തുത. ഇതിനാല്‍ പ്രചരിക്കുന്ന സന്ദേശം അശാസ്‌ത്രീയമാണ് എന്ന് മനസിലാക്കാം. 

വസ്‌തുതാ പരിശോധനാ രീതി

ആശുപത്രി തയ്യാറാക്കിയ കുറിപ്പ് അല്ല പ്രചരിക്കുന്നത് എന്ന് കെഇഎം അധികൃതര്‍ ബൂംലൈവിനോട് വ്യക്തമാക്കി. ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു, ഡോക്‌ടര്‍മാരുടെ നിര്‍ദേശമില്ലാതെ സ്വയം മരുന്നുകള്‍ പ്രയോഗിക്കരുത് എന്നും അവര്‍ വ്യക്തമാക്കി. കൊവിഡിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന(WHO) സ്ഥിരീകരിച്ചിട്ടുമില്ല. 

 

ചൂടുവെള്ളമോ ഇഞ്ചിയിട്ട ചായയോ ലെമണ്‍ ടീയോ കുടിച്ചാല്‍ കൊവിഡ് മാറും എന്ന പ്രചാരണങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം നേരത്തെ ഫാക്‌ട് ചെക്ക് ചെയ്‌തിരുന്നു. അതിന്‍റെ ലിങ്കുകള്‍ ചുവടെ...

വെയിലത്ത് നിന്നാല്‍, 15 മിനുറ്റ് ഇടവിട്ട് വെള്ളം കുടിച്ചാല്‍ കൊവിഡ്19 മാറുമോ; നിങ്ങളറിയണം വസ്‌തുത

വെളുത്തുള്ളിയുടെ കഥ കഴിഞ്ഞു, ഇഞ്ചിയിട്ട വെള്ളം കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് ഇപ്പോഴും പ്രചാരണം; സത്യമറിയാം

വീട്ടിലെ നാരങ്ങ കൊണ്ട് കൊവിഡിന് അത്ഭുത മരുന്ന്; അവകാശവാദങ്ങള്‍ സത്യമോ

നിഗമനം

കൊവിഡ് ചികിത്സക്കായി കഴിക്കേണ്ട മരുന്നുകളും പിന്തുടരേണ്ട ചികിത്സാ രീതിയും എന്ന പേരില്‍ മുംബൈയിലെ കെഇഎം ആശുപത്രിയുടെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണ്. ഇത്തരമൊരു കുറിച്ച് ആശുപത്രി അധികൃതരോ ഡോക്ടര്‍മാരോ പുറത്തിറക്കിയിട്ടില്ല. 
 

click me!