ദില്ലി: കൊവിഡ് 19 ചികിത്സിക്കാന്‍ ഒട്ടേറെ മരുന്നുകളുടെ പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിലൊന്നായിരുന്നു വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക എന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ആധികാരികത ഇല്ലായെന്ന് വ്യക്തമായതോടെ പുതിയ മരുന്ന് ഇറക്കിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിലർ. 

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ മൂന്ന് ദിവസം തുടർച്ചയായി കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്നാണ് ഇപ്പോഴത്തെ പ്രചാരണം. ഇതിനും ആധികാരികത ഇല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗ ലക്ഷണങ്ങള്‍ ഉള്ളവർ എത്രയും വേഗം ഡോക്ടറുടെ സേവനം തേടാനാണ് WHO നിർദേശിക്കുന്നത്. കൊവിഡിന് ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

Read more: പച്ചില മുതല്‍ ഉപ്പുവെള്ളം വരെ; കൊറോണ ചികിത്സക്ക് മരുന്നെന്ന് വ്യാജ പ്രചാരണങ്ങള്‍ പെരുകുന്നു

ഇഞ്ചിയെ കുറിച്ചുള്ള വ്യാജ പ്രചാരണം ഇപ്പോഴല്ല സാമൂഹ്യമാധ്യമങ്ങളില്‍ പടരുന്നത്. ഫെബ്രുവരി ആദ്യം മുതല്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ സജീവമായിരുന്നു. ഫാക്ട് ചെക്ക് വെബ്‍സൈറ്റായ ബൂംലൈവാണ് ഇഞ്ചി കൊവിഡ് 19നുള്ള മരുന്നാണെന്ന അവകാശവാദത്തിന് പിന്നിലെ സത്യം തുറന്നുകാട്ടിയത്. 

വെളുത്തുള്ളിയുടെ കഥ പൊളിഞ്ഞതിങ്ങനെ

ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട ഒരു അവകാശവാദമാണ് അസുഖബാധിതർ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കൊവിഡ് 19 ഭേദപ്പെടും എന്നത്. ഈ അവകാശവാദത്തിൽ വസ്തുത മരുന്നിനുപോലുമില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ആരോഗ്യ വിദഗ്‍ധരും ശരിവച്ചിട്ടുണ്ട്. 

Read more: കൊറോണയെ ചെറുക്കാന്‍ വെളുത്തുള്ളി വെന്ത വെള്ളം! വാസ്തവമെന്ത്?

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക