'ഈ ചിത്രങ്ങള്‍ മുസഫര്‍പൂറിലെ ആശുപത്രിയില്‍ നിന്നുള്ളതാണ് നിതീഷ് കുമാറിന് അഭിനന്ദനം, ഒപ്പം ആശുപത്രി കിടക്കകളില്‍ നായക്കള്‍ ഇരിക്കുന്ന ചിത്രവും'. പ്രളയം കനത്ത നാശം വിതച്ച ബിഹാറിലെ നിലവിലെ അവസ്ഥയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്‍റെ വസ്തുതയെന്താണ്?

 

പ്രചാരണം


ആശുപത്രി കിടക്കകള്‍ നായ്ക്കള്‍ കയ്യടക്കിയ ചിത്രത്തോടൊപ്പം മുസഫര്‍പൂറിലെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം. നിതീഷ് കുമാറിന് അഭിനന്ദനം എന്ന കുറിപ്പോടെയാണ് രാഷ്ട്രീയ ജനതാദള്‍ നേതാവ് ഡോ. തന്‍വീര്‍ ഹസന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പ്രളയം കനത്ത നാശം വിതച്ച ബിഹാറിലെ ഭരണപക്ഷത്തെ വിമര്‍ശിക്കാനുള്ള അവസരമായി രൂക്ഷ വിമര്‍ശനത്തോടെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

നിരവധിപ്പേരാണ് ഈ ചിത്രങ്ങള്‍ നിതീഷ് കുമാറിനെതിരായ രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിച്ചത്. 

 

വസ്തുത

 

മുസാഫര്‍പൂരിലെ സദാര്‍ ഹോസ്പിറ്റലില്‍ നിന്ന് 2017 ഡിസംബര്‍ 5 ന് വന്ന വാര്‍ത്തക്കൊപ്പമുള്ള ചിത്രമുപയോഗിച്ചാണ് നിതീഷ് കുമാറിനെതിരായ പ്രചാരണം നടക്കുന്നത്. ബിഹാറിലെ പ്രളയവുമായി ഈ ചിത്രത്തിന് ബന്ധമില്ല

 

വസ്തുതാ പരിശോധനാരീതി

റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് 2017ലെ ചിത്രങ്ങളാണ് ഇവയെന്ന് വ്യക്തമായതെന്ന് വസ്തുതാ പരിശോധക സൈറ്റായ ബൂംലൈവ് വിശദമാക്കുന്നു. പ്രാദേശിക ദിനപത്രമായ ദൈനിക് ഭാസ്കറിലാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. സര്‍ജിക്കല്‍ വാര്‍ഡ് തെരുവുനായ്ക്കള്‍ കീഴടക്കിയപ്പോളെന്ന്  വിശദമാക്കുന്നതായിരുന്നു ചിത്രം. ഇതോടൊപ്പമുള്ള മറ്റൊരു ചിത്രത്തില്‍ നായ്ക്കള്‍ ഇരിക്കുന്ന ചിത്രങ്ങള്‍ക്ക് എതിരെയുള്ള കിടക്കകളില്‍ രോഗികള്‍ കിടക്കുന്നതും കാണാം.

ദൈനിക് ഭാസ്കറിന്‍റെ മുസാഫര്‍പൂര്‍ എഡിഷനിലായിരുന്നു വാര്‍ത്ത വന്നത്. ദൈനിക് ഭാസ്കറിലെ മാധ്യമ പ്രവര്‍ത്തകനെന്ന് വിശദമാക്കുന്ന ഡി മിശ്രയാണ് ഈ ചിത്രം 2017 ഡിസംബര്‍ 5ന് പങ്കുവച്ചിട്ടുള്ളത്. സംഭവത്തില്‍ മുസാഫര്‍പൂര്‍ ജില്ലാ മജിട്രേറ്റായിരുന്ന ധര്‍മേന്ദ്ര സിംഗ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

 

നിഗമനം


2020ലെ പ്രളയങ്ങളില്‍ ബിഹാര്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രി നിതീഷ് കുമാറിനേയും പഴിച്ച് വ്യാപകമായി പ്രചരിക്കുന്ന നായ്ക്കള്‍ കീഴടക്കിയ ആശുപത്രി ദൃശ്യങ്ങള്‍ വ്യാജമാണ്.