ദില്ലി: 999 രൂപയ്ക്ക് ഖാദി മൂന്ന് മാസ്ക് വില്‍ക്കുന്നു. അടുത്ത ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ മാസ്കിന്‍റെ പരസ്യത്തിലെ അവകാശവാദമാണ് ഇത്. ഗാന്ധിജിക്ക് പകരം പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം വൈറലായ ഈ പോസ്റ്ററിന്‍റെ വസ്തുതയെന്താണ്?

 

പ്രചാരണം


കഴുകാന്‍ സാധിക്കുന്ന, മൂന്ന് ലെയറുകളുള്ള, വൈറസ് പ്രൊട്ടക്ഷനുള്ള, ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത മാസ്ക് വില്‍പനയ്ക്ക്. മൂന്ന് മാസ്കുകള്‍ അടങ്ങുന്ന ഖാദി മാസ്കുകള്‍ക്ക് വെറും 999 രൂപമാത്രം എന്നാണ് പോസ്റ്ററില്‍ അവകാശപ്പെടുന്നത്. ഖാദി മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്.

ഖാദിയുടെ പോസ്റ്ററില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കിയതില്‍ രൂക്ഷ വിമര്‍ശനമാണ് ഈ പോസ്റ്ററിനൊപ്പം പ്രചരിക്കുന്നത്. ഏത് വൈറസില്‍ നിന്നാണ് നാം രക്ഷ നേടേണ്ടത് ഇതാണ് അത്, ഗാന്ധിയെ നീക്കി അവിടെ മോദിയെ വച്ചു. ആരോ ചോദിച്ചത് പോലെ ഇനിയെന്താണ് ചര്‍ക്കയോ? മാസ്കിന്‍റെ വിലയെക്കുറിച്ചും കാര്യക്ഷമതയേക്കുറിച്ചും സംശയം തോന്നുന്നതില്‍ ആശ്ചര്യമില്ല. ഇതൊരു സ്വതന്ത്ര രാജ്യമാണ് നിങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ല. എന്നാണ് പോസ്റ്ററിനൊപ്പമുള്ള കുറിപ്പ് വിശദമാക്കുന്നത്.

 

വസ്തുത


ഖാദിയുടെ പേരില്‍ വ്യാജമായി പ്രചാരണം നടത്തുന്നതിനായി തയ്യാറാക്കിയ പോസ്റ്ററാണ് ഇത്. ഇതിലെ അവകാശവാദങ്ങള്‍ തെറ്റാണ്. ഖാദി 999 രൂപയ്ക്ക് മൂന്നുമാസ്കുകള്‍ വില്‍ക്കുന്നില്ല. 

 

വസ്തുതാ പരിശോധനാരീതി


ഖാദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്ററിനേക്കുറിച്ചും ഖാദിയുടെ പേരിലുള്ള ഈ പോസ്റ്ററിനെതിരായും ഖാദി ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഖാദിയുടെ ചെയര്‍ പേഴ്സണ്‍ വിനയ് കുമാര്‍ സക്സേന ഈ ഉല്‍പന്നം ഖാദിയുടേതാണെന്ന അവകാശപ്പെടുന്ന പോസ്റ്റര്‍ തള്ളിക്കളഞ്ഞുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.

 ഇത്തരത്തില്‍ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദത്തിനെതിരെ ഇത് വില്‍പനയ്ക്ക് എത്തിച്ച ചണ്ഡിഗഡ് സ്വദേശിയായ ഖുഷ്ബു എന്ന യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഖാദി വില്‍ക്കുന്ന മാസ്കുകളുടെ വില 30 രൂപ മുതല്‍ 100 രൂപവരെയാണെന്നും വിനയ് കുമാര്‍ സക്സേന വിശദമാക്കുന്നു. 

 

 

നിഗമനം


ഖാദി ഇന്ത്യ 999 രൂപയ്ക്ക് മാസ്ക് വില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ചിത്രമടക്കം ഉപയോഗിച്ചുള്ള പോസ്റ്റര്‍ വ്യാജമാണ്