ഹോ, എന്തൊരു സ്നേഹബന്ധം! കടുവയെ താലോലിക്കുന്ന യുവതിയുടെ വീഡിയോയുടെ വസ്‌തുത മറ്റൊന്ന് ‌| Fact Check

Published : Jan 15, 2026, 01:27 PM ISTUpdated : Jan 15, 2026, 01:30 PM IST
Fact Check

Synopsis

ഭീമന്‍ കടുവയെ താലോലിക്കുന്ന യുവതി, കൗതുകമുണര്‍ത്തുന്ന ഈ ദൃശ്യങ്ങള്‍ എന്നാല്‍ എഐ നിര്‍മ്മിതമാണ്. ആരും വീഡിയോ യഥാര്‍ഥമാണെന്ന് വിശ്വസിച്ച് ഷെയര്‍ ചെയ്യരുത്.

കടുവ എന്ന് കേള്‍ക്കുമ്പോഴേ നമുക്കെല്ലാം ഭയമാണ്. എന്നാല്‍ കടുവയുമായി ചങ്ങാത്തം കൂടുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ട്രെന്‍ഡാണ്. എക്‌സിലും ഫേസ്ബുക്കിലുമെല്ലാം വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ. എന്താണ് വൈറല്‍ വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.

പ്രചാരണം

കട്ടിലില്‍ വിശ്രമിക്കുന്ന ഒരു യുവതിയുമായി വലിയൊരു കടുവ ചങ്ങാത്തം കൂടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആദ്യ കാഴ്‌ചയില്‍ ആരിലും ഏറെ കൗതുകമുണര്‍ത്തും ഈ വീഡിയോ. ഒരു വളര്‍ത്തുനായയെയോ പൂച്ചയെയോ താലോലിക്കുന്നതുപോലെയാണ് അപകടകാരിയായ ഭീമന്‍ കടുവയോട് യുവതി ഇടപെടുന്നത്. കടുവയും യുവതിയും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ തെളിവായി എക്‌സില്‍ ഒരു യൂസര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്‌തത് ചുവടെ ചേര്‍ക്കുന്നു. 'സ്നേഹം മൃഗങ്ങളെ പോലും മൃദുലഹൃദയരാക്കുന്നു' എന്നും വീഡിയോ സഹിതമുള്ള എക്‌സ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. ഈ പെൺകുട്ടിയും കടുവയും തമ്മിലുള്ള സ്നേഹം കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായം എന്താണ്? എന്ന ചോദ്യവും എക്‌സ് പോസ്റ്റിലുണ്ട്.

 

വസ്‌തുതാ പരിശോധന

വീഡിയോ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോള്‍ ദൃശ്യങ്ങളില്‍ ചിലയിടങ്ങളില്‍ അസ്വാഭാവികതകളും അപൂര്‍ണതയും വ്യക്തമായി. കടുവയുടെയും യുവതിയുടെയും ചില ശരീര ഭാഗങ്ങള്‍ പെട്ടെന്ന് മാഞ്ഞുപോകുന്നതായി കാണാം. ഇത്തരം പിഴവുകള്‍ എഐ നിര്‍മ്മിച ദൃശ്യങ്ങളില്‍ സംഭവിക്കാറുണ്ട്. ഇതിനെ തുടര്‍ന്ന്, എഐ ഡിറ്റക്ഷന്‍ വെബ്‌സൈറ്റുകളുടെ സഹായത്തോടെ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു. ഈ പരിശോധനയില്‍ ലഭിച്ച ഫലങ്ങളെല്ലാം പറയുന്നത് വീഡിയോ എഐ നിര്‍മ്മിതമാണ് എന്നാണ്. മാത്രമല്ല, ഈ വീഡിയോ ആള്‍ഫാ റോര്‍ വൈല്‍ഡ്‌ലൈഫ് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നതായും കാണാം. എഐ നിര്‍മ്മിത ദൃശ്യങ്ങള്‍ പങ്കുവെക്കാനുള്ള വിനോദ പേജാണ് ഇതെന്ന് ആള്‍ഫാ റോര്‍ വൈല്‍ഡ്‌ലൈഫ് എഫ്ബി പേജിന്‍റെ ആമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട്. ഇതില്‍ നിന്നെല്ലാം വൈറല്‍ വീഡിയോയുടെ വസ്‌തുത വ്യക്തം.

നിഗമനം

ഒരു കടുവയും യുവതിയും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന വീഡിയോ എഐ ടൂളുകളുടെ സൃഷ്‌ടിയാണ്, ഈ വീഡിയോ യഥാര്‍ഥമല്ല.

 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

ബൈക്ക് യാത്രക്കാരനെ കടുവ പിടിക്കുന്ന വീഡിയോ എഐ, ആരും വിശ്വസിക്കല്ലേ ‌| Fact Check
Fact Check | ആധാര്‍ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ എസ്‌ബിഐ യോനോ ആപ്പ് ബ്ലാക്ക് ചെയ്യപ്പെടും എന്ന മെസേജ് വ്യാജം